Hathras Gang Rape
'ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തോട് ഏറ്റവും മോശമായി പെരുമാറി'; കേസന്വേഷണത്തില്‍ നിന്ന് ജില്ലാ മജിസ്‌ട്രേറ്റിനെ ഒഴിവാക്കണമെന്ന് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 04, 12:06 pm
Sunday, 4th October 2020, 5:36 pm

ലക്‌നൗ: ഹാത്രാസ് കേസില്‍ യു.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെണ്‍കുട്ടി കൊല്ലപ്പെട്ടതിനുശേഷം കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ കേസന്വേഷണത്തില്‍ നീക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ നീക്കം ചെയ്യണം. സംഭവത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളെക്കുറിച്ച് കൃത്യമായ അന്വേഷണംനടത്തണം. ജില്ലാ മജിസ്‌ട്രേറ്റാണ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് ഏറ്റവും മോശമായി പെരുമാറിയത്. ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്? യുപി സര്‍ക്കാര്‍ കുറച്ചെങ്കിലും ഉണര്‍ന്നിട്ടുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ ആവശ്യം മാനിക്കണം- പ്രിയങ്ക ട്വീറ്റ് ചെയ്തു.

നേരത്തേ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍ ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

‘പകുതി മാധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’- എന്നായിരുന്നു പ്രവീണ്‍ കുമാര്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുത്ത കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.

അതേസമയം പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹാത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി വേണുഗോപാല്‍ എന്നിവരും ഇവരോടൊപ്പം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാല്‍ അവിടെ നീതി ഉറപ്പാക്കാന്‍ ഞങ്ങളുണ്ടാവുമെന്നും ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

അതേസമയം ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്നും സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കേസ് സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Priyanka Gandhi Demands Removal Of DM From Hathras Gangrape Case