| Wednesday, 13th March 2019, 9:51 pm

യുവത്വത്തിന്റെ ശബ്ദങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുകയാണ്: ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച ശേഷം പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചു എന്നാരോപിച്ച് പൊലീസ് ആസാദിനെ അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെ അസുഖ ബാധിതനായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

“അദ്ദേഹം പോരാടുന്നത് ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ പോരാട്ടം എനിക്ക് ഇഷ്ടമാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ല”- മീറത്തിലെ ആശുപത്രിയില്‍ ആസാദിനെ കണ്ടതിന് ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

“ആസാദ് യുവാവാണ്, അദ്ദേഹം തന്റെ ശബ്ദം ഉയര്‍ത്തുകയും, തന്റെ പ്രശ്‌നങ്ങള്‍ സമൂഹത്തോട് തുറന്ന് പറയാന്‍ ശ്രമിക്കുകയുമാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെ യുവാക്കളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്. അവര്‍ക്ക് യുവജനങ്ങളോട് അഭിപ്രയാങ്ങളോട് താല്‍പര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിയിട്ടില്ല. അപ്പോള്‍ അവരുടെ ശബ്ദം ഉയരുമ്പോള്‍ അത് അടിച്ചമര്‍ത്തുകയല്ല വേണ്ടത്”- പ്രിയങ്ക പറഞ്ഞു.

Also Read “റഫാൽ രേഖകളുടെ പകർപ്പെടുത്തതും കുറ്റകരമാണ്”: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ

ദിയോബന്തില്‍ ആസാദും അദ്ദേഹത്തിന്റെ അനുകൂലികളും റാലിക്കായി ഒരുമിച്ച് കൂടിയ സാഹചര്യത്തിലാണ് ആസാദിനെ അറസ്റ്റു ചെയ്യേണ്ടി വന്നതെന്ന് സാഹരന്‍പുര്‍ എസ്.പി വിനീത് ബാത്‌നഗര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റ ചട്ടം പുറത്തിറക്കിയതു മുതല്‍ ഇത് കുറ്റകരമാണെന്നായിരുന്നു അദ്ദേഹം വാദം.

നേരത്തെ ഗുജറാത്തില്‍ നടന്ന പൊതു റാലിയില്‍, രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പ്രിയങ്ക തന്റെ പ്രവര്‍ത്തക സമിതിയ യോഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവരോട് വോട്ടര്‍മാര്‍ ചോദ്യങ്ങളുന്നയിക്കണമെന്നും വാഗ്ദാനം ചെയ്ത ജോലിയും നല്‍കാമെന്നു പറഞ്ഞ 15 ലക്ഷം എവിടെയെന്നും ജനങ്ങള്‍ ചോദിക്കണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Also Read ഞങ്ങളുടെ ആദ്യ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് ഈ പരിപാടിയോടെ ബോധ്യപ്പെട്ടു; രാഹുലിന്റെ പരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം- വീഡിയോ

എവിടെ നോക്കിയാലും ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഓരോ പൗരനും ജാഗരൂകരായിരിക്കണം. ഈ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്താണ് തെരഞ്ഞെടുക്കുന്നതെന്ന് ചിന്തിക്കണം. നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് സ്വന്തം ഭാവിയെത്തന്നെയാണ്. അനാവശ്യമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടരുത്. എങ്ങനെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും, എങ്ങനെ സ്ത്രീസുരക്ഷ ഉറപ്പു വരുത്താം, കര്‍ഷകര്‍ക്കായി എന്തു ചെയ്യാനാകും തുടങ്ങിയ വിഷയങ്ങളാകണം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തേണ്ടതെന്നും അതാണ് ശരിയായ രാജ്യസ്നേഹമെന്നും ഗുജറാത്തിലെ പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Image Credits: PTI

We use cookies to give you the best possible experience. Learn more