ന്യൂദല്‍ഹി: മണിപ്പൂരില്‍ നാല് പേര്‍ വെടിയേറ്റ് മരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ സഖ്യകക്ഷികളും സുസ്ഥിരതയ്ക്കും സമാധാനത്തിനുമുള്ള നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
മണിപ്പൂരിലെ രാഷ്ട്രീയ നേതാക്കളുടെ സംയുക്ത പ്രതിനിധി സംഘം ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടിയിരുന്നെങ്കിലും അതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി ഇതുവരെ മണിപ്പൂരില്‍ പോയിട്ടില്ലെന്നും മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും സംസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ യാതൊരു വിധത്തിലുള്ള നടപടിയും മോദി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള ഒരു നേതൃത്വമാണോ മണിപ്പൂരില്‍ നിലനില്‍ക്കേണ്ടതെന്നും അതോ നിലവിലെ നേതൃത്വത്തെ മഹത്വവത്കരിക്കുന്ന പരസ്യങ്ങളാണോ ഭരണാധികാരികള്‍ക്ക് വേണ്ടതെന്നും പ്രിയങ്ക ചോദിച്ചു.
‘മണിപ്പൂരില്‍ നാല് പേര്‍ വെടിയേറ്റ് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. പല ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മണിപ്പൂരിലെ ജനങ്ങള്‍ എട്ട് മാസത്തോളമായി കൊലപാതകങ്ങളും അക്രമവും മറ്റു നാശനഷ്ടങ്ങളും നേരിടുന്നു. ഈ പ്രവണത എപ്പോള്‍ അവസാനിക്കും,’ പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.
ജനുവരി 14ന് മണിപ്പൂരില്‍ നിന്ന് തുടങ്ങാനിരിക്കുന്ന കോണ്‍ഗ്രസിന്റെ രണ്ടാം ഭാരത് ന്യായ് യാത്രക്ക് മുന്നോടിയായാണ് സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുന്നത്.
മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ മെയ്തി മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ലിലോങിലാണ് അക്രമം നടന്നത്. നാലു പേരും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൂടാതെ അഞ്ചോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ മൊറേയിലെ സുരക്ഷാ സേനക്ക് നേരെയും വെടിവെപ്പ് ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമികളെ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പി.ടി.ഐ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം തോക്കുമായി എത്തിയ അക്രമികള്‍ പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളുടെ വാഹനം പ്രദേശവാസികള്‍ കത്തിച്ചതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് ശേഷം ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, കാക്ചിങ്, ബിഷ്ണുപുര്‍ ജില്ലകളികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംഘര്‍ഷം കുറഞ്ഞ സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ആരോഗ്യ മേഖല, വാര്‍ത്താ മാധ്യമങ്ങള്‍ തുടങ്ങിയ അവശ്യ മേഖലകളെ കര്‍ഫ്യൂയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Content Highlight: Priyanka Gandhi criticized Modi for the death of four people in Manipur firing