യു.പിയിലെ ഡിജിറ്റല്‍ മീഡിയ നയത്തെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
national news
യു.പിയിലെ ഡിജിറ്റല്‍ മീഡിയ നയത്തെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 12:59 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ മീഡിയ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സര്‍ക്കാരിന്റെ നയങ്ങളെ കൊട്ടിഘോഷിക്കുന്നവര്‍ക്ക് മാത്രമേ ഈ നയം ഉപകാരപ്രദമാവുകയുള്ളൂ എന്ന് ്പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ സോഷ്യല്‍ മീഡിയ നയം സ്വയം പുകഴ്ത്തുന്നതും പിന്തിരിപ്പന്‍നയവുമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

നിങ്ങള്‍ പകലിനെ രാത്രിയെന്ന് പറയുന്ന പക്ഷം അത് രാത്രിയായി കാണുമെന്നും അല്ലാത്ത പക്ഷം എതിര്‍ക്കുന്നവര്‍ ജയിലിലായിരിക്കുമെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

‘നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ഞങ്ങള്‍ പറയും. പകലിനെ രാത്രി എന്ന് വിളിക്കണമെങ്കില്‍ അതും പ്രാവര്‍ത്തികമാണ്,’ നയത്തെ പരിഹസിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള എല്ലാ പഴുതുകളും പുതിയ നയത്തിലൂടെ ഒഴിവാക്കുകയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പോലും വിമര്‍ശിക്കാനോ എതിര്‍ക്കാനോ ഉള്ള സ്വാതന്ത്ര്യം എടുത്ത് കളയുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നയത്തില്‍ നിരവധി പ്രത്യാഘാതങ്ങളുണ്ടെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയെ കുറിച്ചും ഇതുവരെ പരിഹരിക്കപ്പെടാത്ത 69000 അധ്യാപക റിക്രൂട്ട്‌മെന്റ് സംവരണക്കേസിനെക്കുറിച്ചുമുള്ള മറുപടി സര്‍ക്കാര്‍ നല്‍കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ വരുന്ന പാകപ്പിഴകള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്നും ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങള്‍ പാര്‍ട്ടിയില്‍ തന്നെയുള്ള നേതാക്കള്‍ വിമര്‍ശിക്കുന്നത് ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ഇത്തരം നിയമങ്ങള്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കുനതിനും വിയോജിപ്പുകളെ അടിച്ചമര്‍ത്താനുമായി നടപ്പിലാക്കുന്നവയാണെന്ന് തരത്തിലുള്ള നിരവധി വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ വരുന്നുണ്ട്.

പുതിയ ഡിജിറ്റല്‍ മീഡിയ നിയമത്തിലൂടെ സാധാരണ ജനങ്ങള്‍ക്ക് പോലും അവരുടെ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ പൊതു സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കുകയില്ല എന്നുള്ളതും ജനങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്.

ഉത്തര്‍പ്രദേശ് കാബിനറ്റ് ഡിജിറ്റല്‍ മീഡിയ നയം അംഗീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനും സോഷ്യല്‍ മീഡിയയിലെ ആക്ഷേപകരവും കുറ്റകരവുമായ പോസ്റ്റുകള്‍ തടയാനുമാണ് ഈ നയം കൊണ്ടുവന്നതെന്നാണ് ഉത്തര്‍പ്രദോശ് സര്‍ക്കരിന്റെ വാദം. എന്നാല്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് എട്ട് ലക്ഷം രൂപ വരെ ക്രെഡിറ്റ് ലഭിക്കുമെന്നുള്ളതും വിമര്‍ശിക്കുന്നവര്‍ ജയിലിലേക്ക് പോവുമെന്നുള്ളതുമാണ് നയത്തിന്റെ വൈരുദ്ധ്യം.

നയത്തെ വിമര്‍ശിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ പ്രീണനത്തിനായി നല്‍കുന്ന കൈക്കൂലിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: priyanka gandhi criticized digital policy in uttarpradesh