കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഛത്തീസ്ഗഢിലും ജാതി സര്‍വ്വേ നടപ്പാക്കും: പ്രിയങ്ക ഗാന്ധി
India
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഛത്തീസ്ഗഢിലും ജാതി സര്‍വ്വേ നടപ്പാക്കും: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th October 2023, 11:23 am

 

റായ്പൂര്‍: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ച് വന്നാല്‍ ബീഹാറിലേതു പോലെ ഛത്തീസ്ഗഢിലും ജാതി സര്‍വ്വേ നടപ്പാക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വെള്ളിയാഴ്ച്ച കാന്‍കേര്‍ ജില്ലയിലെ ബസ്താറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

‘എന്തുകൊണ്ട് ജാതി സര്‍വ്വേ നടത്തിക്കൂടാ? അത് നടത്തേണ്ടത് തന്നെയാണ്. ഞങ്ങള്‍ അധികാരത്തില്‍ തിരിച്ചു വന്നാല്‍ ബീഹാറിലേതു പോലെ ഛത്തീസ്ഗഢിലും ജാതി സര്‍വ്വേ നടപ്പാക്കും,’അവര്‍ പറഞ്ഞു.

‘ബീഹാറിലെ കണക്കുകള്‍ നിങ്ങള്‍ കണ്ടില്ലേ? അതില്‍ 84 ശതമാനം പേരും ഒ.ബി.സി, എസ്.സി, എസ്. ടി വിഭാഗത്തില്‍ നിന്നാണ്. എന്നാല്‍ സര്‍ക്കാറിന്റെ ഉന്നത പദവികളിലൊന്നും ഇവരില്ല. ഇതവരുടെ അവകാശമല്ലേ? ഞങ്ങള്‍ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബി.ജെ.പി നിങ്ങളെ അതില്‍നിന്ന് വഴി തിരിച്ച് വിടുന്നു,’ അവര്‍ കൂട്ടിചേര്‍ത്തു.

ബി.ജെ.പി കര്‍ഷകരെ ശക്തരാക്കുന്നതിന് പകരം ബലഹീനരാക്കുകയാണ്. കര്‍ഷകന്‍ ഒരു ദിവസം 27 രൂപ സമ്പാദിക്കുമ്പോള്‍ അദാനിയും മറ്റ് വ്യവസായികളും 1600 കോടി രൂപ സമ്പാദിക്കുന്നു. നിങ്ങളുടെ സമ്പത്ത് അവര്‍ക്ക് നല്‍കുകയും എന്നാല്‍ നിങ്ങളൊരാവശ്യത്തിന് വരുമ്പോള്‍ സര്‍ക്കാര്‍ പണമില്ലെന്ന് പറയുകയുമാണ്, പ്രിയങ്ക ആരോപിച്ചു.

‘നിങ്ങള്‍ക്കിങ്ങനെയൊരു പ്രധാനമന്ത്രിയെ ആണോ വേണ്ടത്? കേന്ദ്രത്തിലോ നിങ്ങളുടെ സംസ്ഥാനത്തോ ഇത്തരമൊരു സര്‍ക്കാറിനെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? ബി.ജെ.പി സര്‍ക്കാറിന് പണക്കാരെ കുറിച്ച് മാത്രമേ ചിന്തയുള്ളൂ. പാവങ്ങളെയോ മധ്യവര്‍ഗത്തെയോ കുറിച്ചവര്‍ ചിന്തിക്കുന്നില്ല. പെന്‍ഷനും ജാതി സര്‍വ്വേയും പോലുള്ള വിഷയങ്ങളില്‍ നിന്ന് അവര്‍ നിങ്ങളെ വഴിതിരിച്ച് വിടുന്നു. എന്തുകൊണ്ടാണവര്‍ ജാതി സര്‍വ്വേ നടത്താത്തതെന്ന് ചോദിക്കൂ’ പ്രിയങ്ക കൂട്ടിചേര്‍ത്തു.

ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പണക്കാര്‍ക്കും തന്റെ വ്യവസായ സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും പറഞ്ഞു.

‘നമ്മുടെ പ്രധാനമന്ത്രിയെ നോക്കൂ… അദ്ദേഹം രാജ്യത്തിന്റെ സമ്പത്തും ലോണുകളുമെല്ലാം പണക്കാരായ സുഹൃത്തുകള്‍ക്ക് നല്‍കുന്നു. കര്‍ഷകരുടെ കാര്യം പറയുമ്പോള്‍ ലോണുകള്‍ക്ക് പണമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നു,’ ഭാഗല്‍ ആരോപിച്ചു.

Content Highlight: Priyanka Gandhi: caste census in chhattisgarh if cong retains power