തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നേമത്ത് കെ. മുരളീധരന്‍ വേണ്ടിയുള്ള പ്രചാരണത്തിനെത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു.
കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍ ഐസൊലേഷനിലേക്ക് പോകുന്നതെന്നും കൊവിഡ് നെഗറ്റീവാണെന്നും പ്രിയങ്ക പറഞ്ഞു. അസമിലെ പ്രചാരണവും പ്രിയങ്ക റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ പ്രിയങ്ക കേരളത്തിലെത്തിയെങ്കിലും തന്റെ പ്രചാരണത്തിനെത്താതിരുന്നതില്‍ നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ അതൃപ്തിയറിയിച്ചിരുന്നു.
പരാതി മുരളീധരന്‍ പ്രിയങ്ക ഗാന്ധിയെ നേരിട്ടറിയിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നല്‍കിയത്.
ബി.ജെ.പിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹെെക്കമാന്‍ഡിന്റെ നിര്‍ദ്ദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരന്‍ പ്രിയങ്കയെ അറിയിച്ചത്.
ബി.ജെ.പിയും സി.പി.ഐ.എമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരന്‍ അറിയിച്ചു.
തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയില്‍ നേമത്തെ സ്ഥാനാര്‍ത്ഥി മുരളീധരനും വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ സംബന്ധിച്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു.
ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എം.പിയായിരുന്ന കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് നേമത്ത് മത്സരിക്കാനായി നിയോഗിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക