ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മീറിനെയും കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മയെയും അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യരാജ്യമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നുണ്ടോ എന്ന് പ്രിയങ്ക ചോദിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റെന്നും വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും പ്രിയങ്ക ചോദിച്ചു.
‘വാര്‍ത്താ സമ്മേളനം നടത്താനെത്തിയ സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മീറിനെയും പാര്‍ട്ടി വക്താവ് രവീന്ദര്‍ ശര്‍മയെയും കസ്റ്റഡിയിലെടുത്തത് എന്ത് അടിസ്ഥാന്തിലാണ്. ഇവരെ കഴിഞ്ഞ 15 ദിവസമായി തടവിലാക്കിയതിന്റെ കാരണം വ്യക്തമാക്കണം’ എന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
‘അവരുടെ കുടുംബങ്ങളെപോലും അവരുമായി സംസാരിക്കാന്‍ അനുവദിച്ചില്ല. മോദി-ഷാ സര്‍ക്കാര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ഇന്ത്യ ഒരു ജനാധ്യപത്യ രാജ്യമാണെന്ന്? ‘ പ്രിയങ്ക ചോദിച്ചു.
ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും എന്നാണ് ഈ ഭ്രാന്ത് അവസാനിപ്പക്കുകയെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.
വെള്ളിയാഴ്ച്ചയായിരുന്നു ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷഹീദി ചൗക്ക് പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തിനിടെ ഒരു സംഘം പൊലീസ് എത്തുകയും സമ്മേളനത്തില്‍ സംസാരിക്കാനിരിക്കുന്ന ഇരുവരെയും ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.