| Tuesday, 16th July 2019, 9:16 pm

കെട്ടിടം തകര്‍ന്നു വീണ സൗത്ത് മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കാളികളാകണമെന്ന് പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കെട്ടിടം തകര്‍ന്നു വീണ സൗത്ത് മുംബൈയിലെ ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളികളാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

‘കെട്ടിടം തകര്‍ന്നു വീണ് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവണം. അടുത്തിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. എന്തുകൊണ്ടാണ് കൃത്യസമയത്ത് നടപടിയെടുക്കാത്തത്’- പ്രിയങ്ക ട്വീറ്റ് ചെയ്തു.

നൂറുവര്‍ഷം പഴക്കമുള്ള നാല് നില കെട്ടിടമാണ് പൊളിഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ എട്ടോളം കുടുംബങ്ങള്‍ കഴിഞ്ഞിരുന്നുവെന്നാണ് വിവരം.

ഇതുവരെ ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ നാല്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. 10 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ദേശീയദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

അതേസമയം കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ ഉടന്‍തന്നെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more