| Wednesday, 23rd January 2019, 9:45 pm

നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രിയങ്ക സംസാരിച്ചിട്ടുണ്ട്; 2019 ല്‍ അവര്‍ സജീവ രാഷ്ട്രയത്തിലേക്ക്

അലി ഹൈദര്‍

ജമ്മു കശ്മീരില്‍ എട്ടു വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യം ഞെട്ടലോടെയായിരുന്നു അറിഞ്ഞത്. അതില്‍ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പ്രതിഷേധിക്കാന്‍ ഇന്ത്യ ഗേറ്റിന് മുന്നിലെത്താന്‍ ജനങ്ങളോട് സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധിയും മുന്നിലെത്തി. അര്‍ധരാത്രിയിലെ മണിക്കൂറുകളോളം നീണ്ട ആ പ്രതിഷേധ പരിപാടിയില്‍ തിക്കും തിരക്കും കൂട്ടി ബഹളമുണ്ടാക്കിയവരോട് ഒരു സ്ത്രീ എണീറ്റു നിന്നു പറഞ്ഞു. “തിരക്കുള്ളവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാം. അല്ലാത്തവര്‍ സമാധാനപരമായി മുന്നോട്ട് നീങ്ങണം. ഇവിടെ വന്നിരിക്കുന്നത് എന്തിനാണ് എന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വേണം പെരുമാറാന്‍”… അത് പ്രിയങ്കയായിരുന്നു.

നിര്‍ണായകമായ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്  നടക്കാനിരിക്കെ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയ രംഗത്തില്ലെങ്കിലും നിര്‍ണായക ഘടങ്ങളിലെല്ലാം ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിച്ച വ്യക്തികൂടിയാണ്. പശുവിന്റെ പേരിലും മറ്റും ആള്‍ക്കൂട്ട അക്രമങ്ങള്‍ തുടര്‍ക്കഥയായ രാജ്യത്തിന്റെ അവസ്ഥയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് പ്രിയങ്ക ഇതിനകം രംഗത്തുവന്നു.

“ടി.വിയിലും ഇന്റര്‍നെറ്റിലും അത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ എന്റെ രക്തം തിളക്കുന്നു. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ശരിയായി ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളപ്പിക്കണമെന്നാണ് ഞാന്‍ കരുതുന്നത്” എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. തുടര്‍ന്നും രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് പ്രിയങ്ക വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു അച്ഛന്റെ ഘാതകരോട് ക്ഷമിച്ചെന്ന പ്രഖ്യാപനം. മുഖ്യധാര രാഷ്ട്രീയത്തില്‍ കണ്ട് പരിചിതമല്ലാത്ത ഒരു വഴിയായിരുന്നു അന്ന് അവര്‍ തെരഞ്ഞെടുത്തത്.  രാജീവിഗാന്ധി  കൊലപ്പെടുത്തിയ സംഘത്തിലെ നളിനി പാര്‍ക്കുന്ന തടവറയിലേക്ക് പോവുകയും നളിനിയോട് പകയില്ലെന്നും അവരോട് പൂര്‍ണമായും ക്ഷമിച്ചെന്നും പ്രഖ്യാപിക്കുകയായിരുന്നു അവര്‍.

Read Also : പ്രിയങ്ക എത്തുന്നു… മോദിയുടേയും യോഗിയുടേയും മണ്ഡലത്തിലേക്ക്; യു.പിയില്‍ രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

മേഘാലയയില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ ഗാന്ധിയണിഞ്ഞ ജാക്കറ്റിന്റെ തുകയെ ചൊല്ലി ബി.ജെ.പി വിവാദമുണ്ടാക്കിയപ്പോള്‍ പ്രിയങ്ക ഗാന്ധി പ്രതിരോധിച്ചത് സ്വന്തം പേരെഴുതിയ, ഒറ്റത്തവണ അണിയാന്‍ വേണ്ടി മാത്രം തുന്നിയെടുത്ത 10 ലക്ഷം രൂപയുള്ള സ്യൂട്ടിനെക്കാള്‍ എത്രയോ ഭേദമാണ് രാഹുലിന്റെ 70,000 രൂപയുടെ ജാക്കറ്റ് എന്നായിരുന്നു.

1999ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ  പ്രിയങ്ക ഗാന്ധി പിന്നീട് പലപ്പോഴായി തെരഞ്ഞെടുപ്പ്  പ്രചരണത്തിനിറങ്ങിയെങ്കിലും അമേഠിയ്ക്കും റായ്ബറേലിയ്ക്കും അപ്പുറത്തേക്ക് പോവാന്‍ അവര്‍ ഒരിക്കലും തയ്യാറായിരുന്നില്ല.

Read Also : പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്തേക്ക്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം

ദല്‍ഹിയിലെ ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ച പ്രിയങ്കഗാന്ധി കൂട്ടുകാരിയുടെ ബന്ധുവായ റോബര്‍ട്ട് വാദ്രയെ വിവാഹം കഴിച്ചത് 1997 ലാണ്. മനശാസ്ത്രത്തില്‍ ബിരുദവും ബുദ്ധദര്‍ശനത്തില്‍ ബിരുധാനന്ദര ബിരുദവും നേടിയ പ്രിയങ്ക പിന്നീട് ബുദ്ധമതം സ്വീകരിച്ചു.

2004 ലെ   തെരഞ്ഞെടുപ്പില്‍ ആദ്യമായി  രാഹുല്‍ മത്സരിക്കുമ്പോള്‍ അന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രിയങ്കയും മുന്നിലുണ്ടായിരുന്നു.   രാഹുലിനെകുറിച്ച് അന്ന് പ്രിയങ്ക പറഞ്ഞത്. “എന്റെ സഹോദരന്‍ നല്ല വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. ഒരുപാട് ആശയങ്ങളുണ്ട്. നല്ല ഹൃദയമുള്ള വ്യക്തിയാണ്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും” എന്നായിരുന്നു.

ഇന്ന് രാഹുല്‍ ഗാന്ധി പ്രയങ്കയെ സജീവ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടു വരുമ്പോള്‍ കോണ്‍ഗ്രസിന് അത് എത്രത്തോളം ഊര്‍ജ്ജം പകരുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.

പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോടൊപ്പം ശ്രദ്ധേയമാകുന്നത് തെരഞ്ഞെടുത്ത പ്രവര്‍ത്തന മേഖല കൂടിയാണ്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കിഴക്കന്‍ മേഖലയുടെ ചുമതലയാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയത്. ആദ്യമായാണ് പ്രിയങ്കാ ഗാന്ധി ഔദ്യോഗികമായി കോണ്‍ഗ്രസിന്റെ സംഘാടക സമിതിയുടെ തലപ്പത്തെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാരാണസിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഖോരക്പൂരും സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശ്
ബി.ജെ.പിയ്ക്കും ആര്‍.എസ്.എസിനും തീവ്രസ്വാധീനമുള്ള മേഖല കൂടിയാണ്. കോണ്‍ഗ്രസിനെ പൂര്‍ണമായും കയ്യൊഴിഞ്ഞ ഇവിടെ പാര്‍ട്ടി സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തി അണികളിലും ജനങ്ങളിലുമുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തി വിജയസാധ്യത ഉറപ്പിക്കുകയെന്നതാണ് പ്രിയങ്കയയുടെ ദൗത്യം.

നരേന്ദ്ര മോദി മത്സരിച്ച വരാണസി, യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍, കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലി, അമേഠി തുടങ്ങി 40 ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. എസ്.പിയും-ബി.എസ്.പിയും സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന യു.പിയില്‍ കോണ്‍ഗ്രസിന് എത്രത്തോളം നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി വിലയിരുത്തപ്പെടുക.  ഉത്തര്‍പ്രദേശില്‍ കിഴക്കന്‍ മേഖലയില്‍ പ്രിയങ്കയുടെ സാന്നിധ്യം കോണ്‍ഗ്രസിനുണ്ടായിരുന്ന പഴയ കാല പ്രതാപം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more