'തലസ്ഥാനത്ത് സമാധാനം കൊണ്ടുവരേണ്ടത് കേന്ദ്രത്തിന്റെയും ആഭ്യന്തര മന്ത്രിയുടെയും ചുമതല'; സോണിയാ ഗാന്ധിയ്ക്ക് പിന്നാലെ അമിത്ഷായുടെ രാജിയാവശ്യപ്പെട്ട് പ്രിയങ്കാഗാന്ധിയും
ന്യൂദല്‍ഹി: ദല്‍ഹിയില്‍ ദിവസങ്ങളായി തുടര്‍ന്നു വരുന്ന കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കേന്ദ്രം ദല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രിയങ്ക റാലിയില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച വൈകുന്നേരം സംഘടിപ്പിച്ച സമാധാന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.
‘കേന്ദ്ര സര്‍ക്കാരിന്റെയും ആഭ്യന്തര മന്ത്രിയുടെയും ചുമതലയാണ് തലസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുകയെന്നത്. എന്നാല്‍ അവരതില്‍ പരാജയപ്പെട്ടു,’ പ്രിയങ്ക പറഞ്ഞു.
പ്രിയങ്ക നയിച്ച റാലി അവസാനിച്ചത് സെന്‍ട്രല്‍ ദല്‍ഹിയിലെ ജന്‍പത് റോഡിലാണ്. അവര്‍ നയിക്കുന്ന ഗ്രൂപ്പുമായി അമിത് ഷായുടെ വസതിയില്‍ ചെന്ന് രാജി ആവശ്യപ്പെടണമെന്ന് പ്രിയങ്ക പറഞ്ഞു.
‘നമുക്ക് ആഭ്യന്തര മന്ത്രി അമിത്ഷായുടെ വീടുവരെ നടന്ന് രാജി ആവശ്യപ്പെടേണ്ടതായിട്ടുണ്ടായിരുന്നു. എന്നാല്‍ പൊലീസ് നമ്മളെ തടഞ്ഞു,’ പ്രിയങ്ക പറഞ്ഞു.
പാര്‍ട്ടി നേതാക്കളോട് ദല്‍ഹിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും വീടുകളില്‍ ചെന്ന് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എത്തിക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, പി.എല്‍ പുനിയ, രണ്‍ദീപ് സുര്‍ജേവാല, രാജീവ് ഗൗഡ, ശക്തിസിംഗ് ഗോഹില്‍, അജയ് സിംഗ് ലല്ലു, മണി ശങ്കര്‍ അയ്യര്‍, സുഷ്മിതാ ദേവ്, കൃഷ്ണ തിരത്, സുഭാഷ് ചോപ്ര തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ച പകല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും അമിത്ഷായുടെ രാജി ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി കലാപം വളരെ മികച്ച രീതിയില്‍ ആസൂത്രണം ചെയ്ത ഒരു ഗൂഢാലോചനയാണെന്നും സോണിയ പറഞ്ഞിരുന്നു.
മൂന്നുദിവസമായി ദല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ 27ഓളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.