| Sunday, 26th March 2023, 1:27 pm

പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം; ഒറ്റക്കെട്ടായി നേരിടും: പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനും മിസാ ഭാരതിക്കുമെതിരായ
ഇ.ഡി അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ബി.ജെ.പി പ്രതിപക്ഷ കക്ഷികളെ വേട്ടയാടുകയാണെന്നും കേന്ദ്ര ഏജന്‍സികളെ ഇതിനായി ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

‘ബി.ജെ.പി ഈ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. അതിനായി പ്രതിപക്ഷ ശബ്ദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മേല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു.

ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും മിസ ഭാരതിയെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ ഒറ്റക്കെട്ടാണ്,’ പ്രിയങ്ക ട്വീറ്റ് ചെയ്തു.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കുമെതിരെ റെയില്‍ കുംഭകോണക്കേസില്‍ ഇ.ഡി കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ലാലുവിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആര്‍.ജെ.ഡിയുടെ രാജ്യസഭ എം.പിയായ മിസ ഭാരതിക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സി.ബി.ഐ ഓഫീസില്‍ തേജസ്വിയാദവും മിസ ഭാരതിയും ഹാജരായതായി പി.ടി.ഐയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

റെയില്‍വെ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതിനാണ് ലാലു പ്രസാദ് യാദവിനും ഭാര്യക്കുമെതിരെ സി.ബി.ഐ കേസെടുത്തിരിക്കുന്നത്.

Content Highlight: priyanka gandhi alleged bjp tweet

We use cookies to give you the best possible experience. Learn more