ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെപി ഭരണം തുടങ്ങിയ നാള്‍മുതല്‍ യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
” ഞെട്ടിക്കുന്ന സംഭവങ്ങളാണ് യു.പിയില്‍ നടക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തി, സിതാപൂരില്‍ ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി. എവിടെയാണ് സര്‍ക്കാര്‍? ബി.ജെ.പിയുടെ ഭരണത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു. പക്ഷേ അവരതിന്റെ ഉത്തരവാദിത്തംപോലും ഏറ്റെടുക്കുന്നില്ല,” പ്രിയങ്ക പറഞ്ഞു.
സ്ത്രീസുരക്ഷയെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും താഴെത്തട്ട് മുതല്‍ അവബോധമുണ്ടാക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം.
ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ വെടിവെച്ച് കൊന്നിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് യു.പി പൊലീസ് വ്യക്തമാക്കിയിരുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ചാണ് പിതാവിനെ വെടിവെച്ചത്. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലൈംഗികാതിക്രമണം പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനു മേല്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് ആഗ്ര പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഗ്ര പൊലീസില്‍ നിന്നും മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ