മധ്യപ്രദേശില്‍ 10 ദളിത് വീടുകള്‍ തകര്‍ത്ത് ബി.ജെ.പി സര്‍ക്കാര്‍; അതിക്രമം മൂര്‍ധന്യാവസ്ഥയിലെന്ന് പ്രിയങ്ക ഗാന്ധി
national news
മധ്യപ്രദേശില്‍ 10 ദളിത് വീടുകള്‍ തകര്‍ത്ത് ബി.ജെ.പി സര്‍ക്കാര്‍; അതിക്രമം മൂര്‍ധന്യാവസ്ഥയിലെന്ന് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2023, 10:43 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് വീടുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദളിതര്‍ക്കെതിരെ അതിക്രമം കാണിച്ച ബി.ജെ.പി സര്‍ക്കാറിനെ മധ്യപ്രദേശിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കണമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ദളിതര്‍ക്കെതിരെയുള്ള ബി.ജെ.പിയുടെ അതിക്രമങ്ങള്‍ അതിരുകടന്നെന്നും പ്രിയങ്ക പറഞ്ഞു.

‘മധ്യപ്രദേശിലെ ദളിതര്‍ക്കെതിരെയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. സാഗര്‍ ജില്ലയിലെ 10 ദളിത് കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തു. വീട്ടുകാര്‍ ജോലിക്ക് പോയ സമയത്താണ് ഒരു നിര്‍ദേശവുമില്ലാതെ വീടുകള്‍ തകര്‍ത്തത്.

പി.എം.ആവാസ് യോജന വഴി നിര്‍മിച്ച വീടുകള്‍ വരെ തകര്‍ത്തിരിക്കുന്നു. ജനങ്ങളെ പിഴുതെറിയുകയല്ല, അവരെ സംരക്ഷിക്കലാണ് സര്‍ക്കാരിന്റെ ജോലിയെന്ന കാര്യം അധികാരത്തിന്റെ അഹങ്കാരത്തില്‍ ബി.ജെ.പി മറന്നു. ദളിതര്‍ക്കും ലഗോത്ര വിഭാഗങ്ങള്‍ക്കും പാവങ്ങള്‍ക്കുമെതിരെ അതിക്രമം നടത്തുന്ന ബി.ജെ.പി സര്‍ക്കാരിനെ മധ്യപ്രദേശിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കും,’ പ്രിയങ്ക പറഞ്ഞു.

വ്യാഴാഴ്ചയാണ് സാഗര്‍ ജില്ലയിലെ 10 ദളിത് കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തത്. വനംവകുപ്പിന്റെ ഭൂമിയിലാണ് വീട് പണിതതെന്ന് ആരോപിച്ചാണ് തകര്‍ത്തത്. എന്നാല്‍ ഇതില്‍ ഏഴ് വീടുകള്‍ പ്രധാന മന്ത്രി ആവാസ് യോജന വഴി നിര്‍മിച്ച വീടുകളാണ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തിയില്‍ രാജ്യസഭ എം.പി ദിഗ്‌വിജയ് സിങ് പ്രതിഷേധം സംഘടിപ്പിച്ചു.

‘ബുധനാഴ്ച രാത്രി 10.30 ഓടെ പോലീസ് സംരക്ഷണത്തില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഓപുര ഗ്രാമത്തില്‍ ഗോത്രവിഭാഗങ്ങളുള്‍പ്പെടെയുള്ളവരുടെ വീടുകള്‍ തകര്‍ത്തതായി ഞാന്‍ അറിഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച ഈ വീടുകള്‍ ഏത് നിയമപ്രകാരമാണ് തകര്‍ത്തത്,’ അദ്ദേഹം ചോദിച്ചു.

ദലിതര്‍ക്കെതിരായ നടപടിയെ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതിയും രംഗത്തെത്തി.

‘മധ്യപ്രദേശിലെ ബുള്‍ഡോസര്‍ രാഷ്ട്രീയം ഇപ്പോള്‍ വീടുകളെയും സ്‌കൂളുകളെയും ലക്ഷ്യമിട്ടിരിക്കുന്നു. ഇപ്പോള്‍ അവര്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച പാവപ്പെട്ടവരുടെ വീടുകള്‍ പൊളിക്കാന്‍ തുടങ്ങി,’ അവര്‍ പറഞ്ഞു.

CONTENT HIGHLIGHTS: PRIYANKA GANDHI AGAINST MADHYAPRADESH GOVERNMENT