|

ഓക്‌സിജനും വാക്‌സിനും ലഭിക്കാതെ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ 13000 കോടി ചിലവഴിച്ച് പ്രധാനമന്ത്രിക്ക് വസതി നിര്‍മ്മിക്കുന്നു; കേന്ദ്രത്തിനെതിരെ പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അവശ്യ സര്‍വീസായി പരിഗണിച്ച് പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയത്.

ഓക്‌സിജനും വാക്‌സിനും ആശുപത്രി കിടക്കകളും മരുന്നുകളും ലഭിക്കാതെ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടതിന് പകരം 13000 കോടി ചിലവാക്കി പ്രധാനമന്ത്രിയുടെ വസതി നിര്‍മ്മിക്കുകയാണോ വേണ്ടതെന്ന് പ്രിയങ്ക ചോദിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന് കടുത്ത ക്ഷാമം ഉള്ളതായുള്ള വാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

ഓക്‌സിജന്‍, വാക്‌സിനുകള്‍, ആശുപത്രി കിടക്കകള്‍, മരുന്നുകള്‍ എന്നിവയുടെ അഭാവത്തില്‍ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍, അതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടിതിന് പകരം 13000 കോടി ചിലവഴിച്ച് പ്രധാനമന്ത്രിയ്ക്ക് വസതി നിര്‍മ്മിക്കുകയാണ്. സര്‍ക്കാര്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്’, പ്രിയങ്ക പറഞ്ഞു.

2022 ഡിസംബറില്‍ പ്രധാനമന്ത്രിയുടെ വസതിയുടെ പണി പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം നടക്കുന്നത്.

13450 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. 2022 മേയ് മാസത്തില്‍ ഉപരാഷ്ട്രപതിയുടെ വസതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളടക്കം ചോദ്യം ചെയ്ത് സെന്‍ട്രല്‍ വിസ്ത പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തേ സുപ്രീംകോടതിയില്‍ വിവിധ സംഘടനകള്‍ ഹരജികള്‍ നല്‍കിയിരിന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.

അതേസമയം കൊവിഡ് വ്യാപനത്തിനിടയില്‍ പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണത്തിന് പ്രഥമ പരിഗണന നല്‍കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ