| Monday, 20th November 2023, 9:22 am

ബി.ജെ.പിയും ബി.ആര്‍.എസും എ.ഐ.എം.ഐ.എമ്മും ഒത്തൊരുമിച്ച് 'നാട്ടു നാട്ടു' കളിക്കുന്നു; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണകക്ഷിയായ ബി.ആര്‍.എസും ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയും ഒത്തുകളിച്ച് ‘നാട്ടു നാട്ടു’ ചെയ്യുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൂന്ന് കൂട്ടരുടെയും സംഘം ചേര്‍ന്നുള്ള പരിപാടികള്‍ തെലങ്കാനയിലെ ആളുകള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും, എന്നാല്‍ തെരെഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നതില്‍ നിന്ന് വോട്ടമാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ബി.ജെ.പി.യും ബി.ആര്‍.എസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും പാര്‍ലമെന്റില്‍ മോദിയുടെ എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

എന്തുകൊണ്ടാണ് അഴിമതി ആരോപിതനായ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെയും ബി.ആര്‍.എസ് സര്‍ക്കാരിനെതിരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിടാത്തതെന്നും പ്രിയങ്ക ചോദ്യമുയര്‍ത്തി.

ഒവൈസി വിവിധ സംസ്ഥാനങ്ങളില്‍ നിരവധി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ടെടുപ്പ് നടത്തുന്നുണ്ടെന്നും തെലങ്കാനയിലെ മൊത്തം 119 സീറ്റുകളില്‍ ഒമ്പത് സീറ്റുകളില്‍ മാത്രം എ.ഐ.എം.ഐ.എം മത്സരിക്കുന്നതിന് കരണമെന്താണെന്നും പ്രിയങ്ക ചോദിച്ചു.

‘തെലങ്കാനയില്‍ ഒവൈസി ബി.ആര്‍.എസിനെ പിന്തുണക്കുന്നു. കേന്ദ്രത്തില്‍ ബി.ആര്‍.എസ് ബി.ജെ.പിയെ പിന്തുണക്കുന്നു. മൂവരും തമ്മില്‍ നല്ല ബന്ധത്തിലാണ്. നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ബി.ആര്‍.എസിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നാണ്. നിങ്ങള്‍ എ.ഐ.എം.ഐഎമ്മിന് വോട്ട് ചെയ്യുക എന്നാല്‍ അതിനര്‍ത്ഥം ജനങ്ങള്‍ ബി.ആര്‍.എസിന് വോട്ട് ചെയ്യുകയാണെന്നാണ്,’ പ്രിയങ്ക പറഞ്ഞു.

ഇന്ദിരാ ഗാന്ധി മരിച്ച് 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജനങ്ങള്‍ മുന്‍ പ്രധാനമന്ത്രിയെ ‘ഇന്ദിരാമ്മ’ എന്ന് വിശേഷിപ്പിക്കുന്നതിന് കാരണം കാലങ്ങളായി അവര്‍ ജനങ്ങളോട് പുലര്‍ത്തിയിരുന്ന ബന്ധമാണെന്ന് ഇന്ദിരാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തെ ഉദ്ധരിച്ച് പ്രിയങ്ക പറഞ്ഞു.

ഇന്ദിരാ തെലങ്കാനയിലെ ആദിവാസി സമൂഹത്തിന് വെള്ളത്തിനായുള്ള അവകാശം നേടി തന്നിട്ടുണ്ടെന്ന് ഗോത്ര സമൂഹത്തില്‍ പെടുന്നവര്‍ താമസിക്കുന്ന ആസിഫബാദിലെ ഖാനാപൂര്‍ മണ്ഡലത്തിലെ പൊതു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക ചൂണ്ടിക്കാട്ടി.

ഒരുപാട് നേതാക്കള്‍ വന്നുപോയി എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ഇന്ദിരാഗാന്ധിയെ ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് പ്രിയങ്ക ചോദിച്ചു. ഇതിനെല്ലാം കാരണം ഇന്ദിരാ ജനങ്ങള്‍ക്ക് നേടി കൊടുത്ത ഭൂമിക്കുള്ള അവകാശവും പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കിയതിനാലുമാണെന്ന് പ്രിയങ്ക പറഞ്ഞു.

ഭൂരഹിതരായ ആളുകള്‍ക്ക് 7 ഏക്കറോളം ഭൂമി വിതരണം ചെയ്തതായും ‘ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് അതോറിറ്റി’ രൂപീകരിച്ച് പല പദ്ധതികളിലൂടെയും ലക്ഷകണക്കിന് വീടുകള്‍ ജനങ്ങളക്ക് ഇന്ദിരാ ഗാന്ധി പണിത് നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ഗോത്ര സമൂഹത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കുകയും സംസ്‌കാരത്തതിന്റെ അതുല്യതയെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ഇന്ദിരയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Content Highlight: Priyanka Gandhi against B.J.P, B.R.S, A.I.M.I.M in Telengana

We use cookies to give you the best possible experience. Learn more