| Tuesday, 18th July 2023, 9:50 am

സേവനത്തിന് വേണ്ടി ജീവിതം അര്‍പ്പിച്ച നേതാവ്: പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സേവനത്തിന് വേണ്ടി ജീവിതം അര്‍പ്പിച്ച, ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് ആഴത്തില്‍ പ്രതിബദ്ധതയുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തൂണായിരുന്നു അദ്ദേഹം. സേവനത്തിന് വേണ്ടി ജീവിതം അര്‍പ്പിച്ച ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് ആഴത്തില്‍ പ്രതിബദ്ധതയുള്ള നേതാവായിരുന്നു അദ്ദേഹം.

നാമെല്ലാവരും അദ്ദേഹത്തെ വളരെ ആദരവോടെ ഓര്‍ക്കും,’ പ്രിയങ്ക പറഞ്ഞു.

അതേസമയം ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവെക്കില്ലെന്നും അനുശോചനത്തിന് ശേഷം ചര്‍ച്ച തുടരുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്. ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത വാര്‍ത്തയാണ് ഉമ്മന്‍ ചാണ്ടി നമ്മളോടൊപ്പമില്ലെന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ 10 മണിയോടെ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവായ ജോണിന്റെ വസതിയിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ഇവിടെ വെച്ച് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കും.

 പരമാവധി നേതാക്കള്‍ ഇന്ന് അവിടെ എത്തിച്ചേരുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു. 11 മണിക്ക് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തിലാണ് കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറുന്നത്. പിന്നീടുള്ള അരനൂറ്റാണ്ട് കാലം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയ നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി നിറഞ്ഞു നിന്നു.

ഇന്ന് പുലര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചത്. പുലര്‍ച്ചെ 4.25ന് ബെംഗളൂരുവില്‍ വെച്ചായിരുന്നു മരണം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും.

CONTENT HIGHLIGHTS: PRIYANKA GANDHI ABOUT OMMAN CHANDY

We use cookies to give you the best possible experience. Learn more