മുംബൈ: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച സുപ്രീം കോടതി വിധിയെ പ്രശംസിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. വിധി വന്നതിനു പിന്നാലെ തന്റെ സന്തോഷം പ്രകടപ്പിച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ പങ്കു വച്ച വികാരഭരിതമായ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
” നീണ്ട അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പക്ഷെ ഒടുവില്‍ നീതി നടപ്പിലാക്കപ്പെടുക തന്നെ ചെയ്തിരിക്കുന്നു. ഈ വിധിയുടെ തീനാളങ്ങള്‍ ആ നാലു പേരെ മാത്രമല്ല, ഇതുപോലെയുള്ള എല്ലാ ദ്രോഹികളേയും കത്തിക്കുന്നതായിരിക്കണം.” എന്നായിരുന്നു പ്രിയങ്കയുടെ കുറിപ്പിലെ ആദ്യ വാക്കുകള്‍.
നിര്‍ഭയയുടെ വാക്കുകള്‍ കേട്ട നീതിപീഠത്തെയോര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും പ്രിയങ്ക പറയുന്നു. ” തന്റെ മരണ മൊഴിയില്‍ അവള്‍ പറഞ്ഞു, ആ അക്രമികളെ വെറുതെ വിടരുതെന്ന്, നീതി അതായിരുന്നു അഞ്ച് വര്‍ഷം മുമ്പ് രാജ്യമൊട്ടാകെ ആവശ്യപ്പെട്ടിരുന്നത്. ഇന്നും ആരുമത് മറന്നിട്ടില്ല. പോരാട്ടത്തിന്റെ ഭാഗമായിരുന്ന ഓരോ ശബ്ദവും വ്യക്തമായിരുന്നു, ആറു പ്രതികളും ശിക്ഷിക്കപ്പെടുക.” താരം പറയുന്നു.
#Nirbhaya pic.twitter.com/Wj9RcjXQ7r
— PRIYANKA (@priyankachopra) May 5, 2017
ഇത്തരം ക്രൂരതകളെ തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, രാജ്യത്ത് നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകാതെ സ്ത്രീകള്‍ തന്നെ മൗനസമ്മതം നല്‍കുന്നുണ്ടെന്നും അത് തനിക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും പ്രിയങ്ക പറയുന്നു.
” നിര്‍ഭാഗ്യകരം, കഴിഞ്ഞതിനെ മാറ്റാന്‍ നമുക്ക് കഴിയില്ല, അതുകൊണ്ട് ഭാവിയെ കുറിച്ച് നമുക്ക് ചിന്തിക്കാം. ഒരു കാര്യത്തിനു വേണ്ടി രാജ്യം മുഴുവന്‍ ഐക്യത്തോടെ നിന്നാല്‍ നടപടിയുണ്ടായിരിക്കും. ഈ തിരിച്ചറിവ്, ആക്രമങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടിയില്‍ വിജയം കൈവരിക്കുമെന്ന തിരിച്ചറിവിനെ ഇനി തിരസ്‌കരിക്കരുത്.” താരം കൂട്ടിച്ചേര്‍ക്കുന്നു.
” നിര്‍ഭയ, ഒരിക്കലും മറക്കില്ല നിന്നെ.” എന്നു പറഞ്ഞാണ് പ്രിയങ്ക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രിയങ്കയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ്. അഭിനന്ദനമറിയിച്ച് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു.
നിര്‍ഭയ കേസിലെ നാലു പ്രതികളുടേയും വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ദല്‍ഹി ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി ശരിവച്ചത്. 2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ പീഡനമുണ്ടാകുന്നത്. ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
സമാനതകളില്ലാത്ത ക്രൂരത എന്നാണ് സുപ്രീം കോടതി സംഭവത്തെ വിശേഷിപ്പിച്ചത്. മുകേഷ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവച്ചത്.