| Thursday, 17th August 2017, 1:01 pm

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.

ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്രിയങ്ക ഇരയായത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായിട്ട് കൂടി എന്തുകൊണ്ടാണ് പ്രിയങ്ക വെസ്റ്റേണ്‍ രീതിയിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്നതെന്നാണ് തീവ്രദേശീയ വാദികളുടെ ചോദ്യം. പരമ്പരാഗതമായ സാരി ധരിച്ചായിരുന്നില്ലേ നില്‍ക്കേണ്ടിയിരുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്.

മാത്രമല്ല ഇന്ത്യന്‍ പതാകയെ ദുപ്പട്ടയാക്കി മാറ്റി പ്രിയങ്ക ഇന്ത്യന്‍ പതാകയെ അപമാനിച്ചെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയെ ഫോളോ ചെയ്യുന്നവരില്‍ ചിലര്‍ പറയുന്നത്. താങ്കള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നില്ലെന്നാണ് ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്.


Dont Miss റോഡില്‍ ഈദ് നമസ്‌കാരം നടക്കുന്നുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും നടക്കുമെന്ന് യോഗി ആദിത്യനാഥ്


താങ്കള്‍ ഇനി ഇന്ത്യയിലേക്ക് വരരുത്. ഒരു സാല്‍വാര്‍ കമ്മീസെങ്കിലും താങ്കള്‍ക്ക് ധരിക്കാന്‍ ഇല്ലായിരുന്നോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. സാരി ധരിക്കാമായിരുന്നില്ലേയെന്നും ഈയൊരു ദിവസത്തിലെങ്കിലും താങ്കളെ ആ വസ്ത്രത്തില്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും ചില യൂസര്‍മാര്‍ പ്രതികരിക്കുന്നു.

അതേസമയം പ്രിയങ്കക്കെതിരായ വിമര്‍ശനത്തെ ശക്തമായി എതിര്‍ത്തും ഒരു വിഭാഗം രംഗത്തെത്തി. ” ഞാന്‍ ഒരു ഇന്ത്യനാണ്. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ഞാന്‍ ധരിക്കുക. ഓരോരുത്തരും എന്ത് ധരിക്കണം ധരിക്കേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അവരവരാണ്. നിങ്ങള്‍ ആരുടേയും അച്ഛനോ അമ്മയോ വിധികര്‍ത്താവോ ആവാന്‍ നോക്കേണ്ട. അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ ധരിക്കട്ടെ. അതിന് നിങ്ങളുടെ സമ്മതമൊന്നും അവര്‍ വാങ്ങേണ്ടതില്ല.- ഇതായിരുന്നു ഒരു യൂസറുടെ പ്രതികരണം.


Dont Miss ‘സപ്തതിയിലൊരു കല്ല്യാണം’; പ്രായത്തെ തോല്‍പ്പിച്ച പ്രണയവുമായി രാതിയ റാമും ജിംനാബാരി ഭായും


അതേസമയം പ്രിയങ്ക ധരിച്ചത് ദേശീയ പതാകയുടെ നിറമുള്ള ദുപ്പട്ടയാണെന്നും വിമര്‍ശകര്‍ക്ക് കണ്ണുകാണുന്നില്ലേയെന്നുമായിരുന്നു മറ്റൊരാളുടെ ചോദ്യം. സ്വാതന്ത്ര്യദിനത്തില്‍ ഇതേനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇന്ത്യയിലെ നിരവധി ആളുകള്‍ അങ്ങനെ ചെയ്യുന്നുണ്ട്. ഒരു മത്സരം വിജയിക്കുകയാണെങ്കില്‍ പോലും ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള തൊപ്പിയും വസ്ത്രവും ധരിച്ചും ദേശീയപതാക ദേഹത്ത് ചുറ്റിയും സന്തോഷം പ്രകടിപ്പിക്കുന്നവരുണ്ട്. അത് ദേശീയപതാകയെ അപമാനിക്കലാണോ? എന്തെങ്കിലും വിളിച്ചുപറയുന്നതിന് മുന്‍പ് ഒന്നാലോചിക്കൂവെന്നും പ്രിയങ്കയെ പിന്തുണച്ചുകൊണ്ട് ചിലര്‍ പറയുന്നു.

നേരത്തെ ബര്‍ലിനില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്ന പ്രിയങ്കയുടെ ചിത്രത്തിനെതിരെയും സംഘപരിവാറുകാര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് മുന്‍പിലിരിക്കുമ്പോഴെങ്കിലും മാന്യമായ വസ്ത്രം ധരിച്ചുകൂടായിരുന്നോ എന്നായിരുന്നു ചില സൈബര്‍ ആങ്ങളമാരുടെ ചോദ്യം.

We use cookies to give you the best possible experience. Learn more