ആ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു, നിക്കിന്റെ മുമ്പില്‍ ഞാന്‍ കരഞ്ഞു; ബോഡി ഷെയ്മിങ് അനുഭവം പറഞ്ഞ് പ്രിയങ്ക
Film News
ആ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു, നിക്കിന്റെ മുമ്പില്‍ ഞാന്‍ കരഞ്ഞു; ബോഡി ഷെയ്മിങ് അനുഭവം പറഞ്ഞ് പ്രിയങ്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th March 2023, 7:09 pm

ബോഡി ഷെയ്മിങ് നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് നടിയും ഗായികയുമായ പ്രിയങ്ക ചോപ്ര. തന്റെ ശരീരം സാമ്പിള്‍ സൈസിന് അനുയോജ്യമല്ലെന്ന് ഒരാള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും അത് തന്നെ വേദനിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. ഇക്കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്‌തെന്നും പങ്കാളിയായ നിക് ജോനാസിനോട് അതിനെ പറ്റി സംസാരിച്ച് കരഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു. സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘കേള്‍ക്കാന്‍ പാടില്ലാത്ത പലതും ഞാന്‍ കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാള്‍ എന്നോട് പറഞ്ഞത് ഞാന്‍ ‘സാമ്പിള്‍ സൈസ്’ അല്ലെന്നാണ്. എനിക്ക് വളരെ വിഷമമായി. ഞാന്‍ അത് ഫാമിലിയുമായി ഡിസ്‌കസ് ചെയ്തു. നിക്കിനോടും എന്റെ ടീമിനോടും ഇതേപറ്റി പറഞ്ഞ് കരഞ്ഞു. ഞാന്‍ സാമ്പിള്‍ സൈസ് അല്ല എന്ന വസ്തുത എന്നെ വേദനിപ്പിച്ചു. അതൊരു പ്രശ്‌നമായി എനിക്ക് തോന്നി. നമ്മളില്‍ മിക്ക ആളുകളും സാമ്പിള്‍ സൈസിലുള്ളവരല്ല. സാമ്പിള്‍ സൈസ് എന്ന് പറഞ്ഞാല്‍ സൈസ് 2 ആണ്. ആരാണിവിടെ സൈസ് 2 ഉള്ളവര്‍,’ പ്രിയങ്ക പറഞ്ഞു.

മോഡലിങ്ങിലും സിനിമാ രംഗത്തും പ്രയോഗിക്കുന്ന ‘അഴകളവ് കോലാ’ണ് സാമ്പിള്‍ സൈസ്( 34inch chest, 24-inch waist and 34-inch hips).

ആമസോണ്‍ പ്രൈം വെബ്ബ് സീരിസ് സിറ്റഡലല്‍, ലവ് എഗെയ്ന്‍ എന്നിവയാണ് പ്രിയങ്കയുടെ പുതിയ പ്രോജക്ടുകള്‍. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ആക്ഷന്‍ സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിറ്റഡലില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം റിച്ചാര്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നു. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 ന് പ്രീമിയര്‍ ആരംഭിക്കും.

സാം ഹ്യൂഗനാണ് ലവ് എഗെയ്‌നില്‍ നായകനാവുന്നത്. ജിം സ്ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളിലെത്തും. ജിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. സെലിന്‍ ഡിയോണ്‍, ലിഡിയ വെസ്റ്റ്, റസ്സല്‍ ടോവി, സോഫിയ ബാര്‍ക്ലേ, അമന്‍ഡ ബ്ലേക്ക്, സീലിയ ഇമ്രി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: priyanka chopra talks about body shaming experience