സൗന്ദര്യ മത്സരങ്ങളില്‍ തിളങ്ങി ബോളിവുഡിലൂടെ അരങ്ങുവാണ് പിന്നീട് ഹോളിവുഡിലും താരമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യക്കാര്‍ക്ക് എന്നും അഭിമാനമായി നില്‍ക്കുന്ന താരം നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്.
തനിക്ക് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലും ഗ്രാമി അവാര്‍ഡ് ഫങ്ഷനിലും പങ്കെടുക്കാന്‍ ഒരേ സമയത്ത് അവസരം ലഭിച്ചപ്പോള്‍ ആ രണ്ട് പരിപാടികളിലും പങ്കെടുത്തതിനെ കുറിച്ച് പ്രിയങ്ക സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
ഈ രണ്ട് സ്ഥലത്തും ഒരു ദിവസത്തിന്റെ വ്യത്യാസത്തില്‍ എത്തിപ്പെടുക എന്നത് സാധ്യമല്ലെന്ന് ചുറ്റുമുള്ളവരെല്ലാം പറഞ്ഞപ്പോഴും താന്‍ അത് നടത്തി തെളിയിച്ചുകൊടുത്തതിനെ കുറിച്ചാണ് പ്രിയങ്ക വീഡിയോയില്‍ സംസാരിക്കുന്നത്.
”ഞാന്‍ ഡോണ്‍ 2 എന്നൊരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ അതേസമയത്ത് തന്നെ എന്നെ ആദ്യമായി ഗ്രാമി അവാര്‍ഡ് ഫങ്ഷനില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു.
അത് ലോസ് ഏഞ്ചലസിലായിരുന്നു. ഈ രണ്ട് പരിപാടികളും വെറും ഒരൊറ്റ ദിവസത്തിന്റെ വ്യത്യാസത്തിലായിരുന്നു നടക്കുന്നത്. അതും തീര്‍ത്തും വ്യത്യസ്തമായ രണ്ട് ടൈം സോണുകളില്‍, ഒന്ന് ജര്‍മനിയിലെ ബെര്‍ലിനിലും മറ്റേത് അമേരിക്കയിലെ ലോസ് ഏഞ്ചലസിലും.
ഇത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല പ്രിയങ്കാ, നിനക്ക് ഇതില്‍ ഏതാണോ പ്രധാനമെന്ന് തോന്നുന്നത് അത് മാത്രം തെരഞ്ഞെടുക്കുക, എന്നായിരുന്നു എന്റെ ടീമും ചുറ്റുമുള്ള എല്ലാവരും പറഞ്ഞത്.
പക്ഷെ ഞാന്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയുമോ ? ഞാന്‍ കുറച്ച് ഭ്രാന്തന്‍ കണക്ഷനുകള്‍ ഉണ്ടാക്കി. മുംബൈ ടു ലണ്ടന്‍, ലണ്ടന്‍ ടു ബര്‍ലിന്‍, ബര്‍ലിന്‍ ടു ആംസ്റ്റര്‍ഡാം, ആംസ്റ്റര്‍ഡാം ടു ലോസ് ഏഞ്ചലസ്, ലോസ് ഏഞ്ചലസ് ടു മുംബൈ… ഇതെല്ലാം വെറും മൂന്ന് ദിവസത്തില്‍. ഞാന്‍ അത് യാഥാര്‍ത്ഥ്യമാക്കി.
ഈയൊരൊറ്റ പ്രാവശ്യം മാത്രമല്ല ഞാനിത് ചെയ്തത്. പിന്നീട് ഒരുപാട് പ്രാവശ്യം ഞാന്‍ ഇതുതന്നെ ചെയ്തു. കാരണമെന്താണെന്ന് ചോദിച്ചാല്‍, നിനക്ക് എല്ലാം നേടാന്‍ പറ്റില്ല എന്ന് ആളുകള്‍ എന്നോട് പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
എനിക്ക് എല്ലാ കാര്യങ്ങളെ കുറിച്ചും സ്വപ്‌നം കാണണം. അതെല്ലാം ഞാന്‍ നേടിയെടുക്കുകയും ചെയ്യും. നിങ്ങളുടെ ആഗ്രഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും കാര്യത്തില്‍ അത്യാഗ്രഹിയായിരിക്കുക എന്നതാണ് പ്രധാനം,” പ്രിയങ്ക ചോപ്ര പറഞ്ഞു.
Content Highlight: Priyanka Chopra shares an experience of Berlin film festival and grammy awards