Film News
'ഹാഡ് ബീഫ് വിത്ത് പീപ്പിള്‍'; ബോളിവുഡ് ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി പ്രിയങ്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 28, 01:29 pm
Tuesday, 28th March 2023, 6:59 pm

ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ താരമാണ് പ്രിയങ്ക ചോപ്ര. നിരവധി സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും തന്റെ പ്രതിഭ നേരത്തെ തന്നെ തെളിയിച്ച പ്രിയങ്ക ഹോളിവുഡില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സമീപകാലത്ത് ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല.

ബോളിവുഡ് ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. തന്നെ ഒരു മൂലയിലേക്ക് തള്ളിക്കളഞ്ഞിരുന്നുവെന്നും പലരുമായും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഗായിക കൂടിയായ തനിക്ക് സംഗീതം ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക് അവസരങ്ങള്‍ തുറന്ന് നല്‍കിയെന്നും ഡാക്‌സ് ഷെപ്പേര്‍ഡ് നടത്തുന്ന പോഡ്കാസ്റ്റായ ആംചെയര്‍ എക്‌സ്‌പേര്‍ട്ടില്‍ പ്രിയങ്ക പറഞ്ഞു.

‘എന്നെ ഒരു മൂലയിലേക്ക് തള്ളിക്കളഞ്ഞിരുന്നു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു (I had beef with people). എനിക്ക് ഈ കളികളിലൊന്നും അത്ര പ്രാവീണ്യമുണ്ടായിരുന്നില്ല. ഈ രാഷ്ട്രീയം എനിക്ക് മടുത്തിരുന്നു. ഒരു ബ്രേക്ക് ആവശ്യമായിരുന്നു.

സംഗീതം എന്നെ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് കൊണ്ടുചെന്നെത്തിച്ചു. ചില ക്ലബ്ബുകളേയും ആളുകളേയും ഒഴിവാക്കേണ്ടത് ആവശ്യമാണ്. അതിന് കൂടുതല്‍ വളരണം. എന്നാല്‍ കുറേ നാളുകള്‍ക്ക് ശേഷം അതിന്റെയൊന്നും ആവശ്യമില്ലെന്ന് തോന്നി,’ പ്രിയങ്ക പറഞ്ഞു.

ആമസോണ്‍ പ്രൈം വെബ്ബ് സീരിസ് സിറ്റഡല്‍, ലവ് എഗെയ്ന്‍ എന്നിവയാണ് പ്രിയങ്കയുടെ പുതിയ പ്രോജക്ടുകള്‍. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിറ്റഡലില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം റിച്ചാര്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നു. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 ന് പ്രീമിയര്‍ ആരംഭിക്കും.

സാം ഹ്യൂഗനാണ് ലവ് എഗെയ്നില്‍ നായകനാവുന്നത്. ജിം സ്‌ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളിലെത്തും.

Content Highlight: priyanka chopra reveals why she left bollywood