ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
‘
ഭയപ്പെടുത്തുന്ന സംഭവമാണ് ബല്‍റാംപൂരില്‍ നിന്ന് പുറത്തുവന്നത്. ഓരോ ബലാത്സംഗത്തിന്റെ മുറിവുകളും പേറി ജീവിക്കുന്ന ഒരു കുടുംബമുണ്ട്. ഭയപ്പെടുത്തുന്ന ഈ ഓര്‍മ്മകളുമായി ജീവിതകാലം മുഴുവന്‍ അവര്‍ കഴിയണം’- പ്രിയങ്ക പറഞ്ഞു.
‘ഓരോ സ്ത്രീകളും ഈ വേദനയും അപമാനവും പേറിയാണ് ജീവിക്കുന്നത്. അപമാനത്താല്‍ തലകുനിച്ചുപോകുകയാണ്, എന്റെ സ്ത്രീകളെ നമ്മള്‍ തോറ്റുപോകുകയാണ്’- പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
യു.പിയിലെ ഹാത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചതിനു പിന്നാലെയാണ് ബല്‍റാംപൂരിലും സമാനമായ സംഭവമുണ്ടായത്. 22 കാരിയായ പെണ്‍കുട്ടിയെ 3 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതായി ബല്‍റാംപൂര്‍ എസ്.പി ദേവ് രഞ്ജന്‍ അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്.
സെപ്റ്റംബര്‍ 14നാണ് യു.പിയിലെ ഹാത്രാസില്‍ പെണ്‍കുട്ടി കൂട്ടബാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹാത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Priyanka Chopra Response In Balrampur Rape Case