ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജര്‍മനിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച നടി പ്രിയങ്കാ ചോപ്രയ്ക്ക് നേരെ സദാചാര വാദികളുടെ സൈബര്‍ ആക്രമണം.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് മോദിക്ക് മുന്നില്‍ ഇരുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയെപ്പോലെ രാജ്യത്തെ പ്രമുഖ വ്യക്തികളെ കാണുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് മോശമാണെന്നാണ് ഒരു കൂട്ടര്‍ പറഞ്ഞത്. കാലെങ്കിലും മറയ്ക്കാന്‍ താരം ശ്രദ്ധിക്കണമായിരുന്നുവെന്നാണ് മറ്റൊരു കൂട്ടരുടെ ഉപദേശം.
എന്നാല്‍ ഇക്കൂട്ടരുടെ ഉപദേശവും വിമര്‍ശനവും കേട്ട് മിണ്ടാതിരിക്കാന്‍ പ്രിയങ്കയ്ക്കായില്ല. തൊട്ടുപിറകെ തന്നെ മറ്റൊരു ചിത്രം പോസ്റ്റ്‌ചെയ്ത് പ്രിയങ്ക മറുപടിയും നല്‍കി.
ബെര്‍ലിനിലെ ഒരു പാര്‍ട്ടിയില്‍ അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് പ്രിയങ്കയും അമ്മയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. നീണ്ടതും മനോഹരവുമായ കാലുകള്‍ എന്നൊരു കുറിപ്പും പ്രിയങ്ക ചിത്രത്തിന് നല്‍കി.
ബെര്‍ലിനില്‍ വെച്ചായിരുന്നു പ്രിയങ്ക മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥമാണ് പ്രിയങ്ക ബര്‍ലിനിലെത്തിയത്.
പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് മോദിയെ കണ്ടതിലുള്ള ആഹ്‌ളാദം പ്രിയങ്ക ആരാധകര്‍ക്കൊപ്പം പങ്കുവച്ചത്. തനിക്ക് വേണ്ടി അല്‍പം സമയം മാറ്റിവയ്ക്കാന്‍ തയ്യാറായ പ്രധാനമന്ത്രിയോട് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി പറയുകയും ചെയ്തിരുന്നു.