നോക്കൂ നമ്മള്‍ എത്ര ദൂരം എത്തിയെന്ന്; കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര
World News
നോക്കൂ നമ്മള്‍ എത്ര ദൂരം എത്തിയെന്ന്; കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th August 2020, 6:13 pm

വാഷിംഗടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന കമല ഹാരിസിനെ അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര. എല്ലാ സ്ത്രികള്‍ക്കും ചരിത്രപരവും പരിവര്‍ത്തനപരവും അഭിമാനകരവുമായ നിമിഷമാണിതെന്ന് പ്രിയങ്ക പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ കറുത്തവംശജയും ആദ്യ ഇന്ത്യന്‍ വംശജയും കമലയാണെന്നും പ്രിയങ്ക പറഞ്ഞു.
എന്റെ ഇളയവരോട് നോക്കൂ നമ്മള്‍ എത്ര ദൂരം എത്തിയെന്ന് എന്നും പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റില്‍ പറഞ്ഞു.

പ്രിയങ്ക ചോപ്രയ്ക്ക് പുറമെ ഒട്ടേറെ പേര്‍ കമലാ ഹാരിസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപിച്ചത്. . ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ട്വിറ്ററിലൂടെ കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

രാജ്യത്തെ പ്രമുഖ പൊതുപ്രവര്‍ത്തകരില്‍ ധൈര്യശാലിയായ പോരാളിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ബൈഡന്‍ ട്വീറ്റില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച കമല ഹാരിസ് താന്‍ ബഹുമാനിതയായെന്നും പ്രതികരിച്ചു. ബൈഡന് എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത സ്ഥാനാര്‍ത്ഥിയെ മാത്രമേ മത്സരിപ്പിക്കൂ എന്ന് ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. കാലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററാണ് കമല ഹാരിസ്. അമേരിക്കന്‍ ഭരണ തലപ്പത്തേക്ക് മത്സരിക്കാനെത്തുന്ന ആദ്യ ഏഷ്യന്‍ വംശജയാണ് ഇവര്‍.

കമല ഹാരിസിന് മാതാവ് വഴിയാണ് ഇന്ത്യന്‍ ബന്ധം. തമിഴ്നാട്ടിലെ കുടുംബത്തിലെ അംഗമാണ് കമലയുടെ അമ്മ ശ്യാമള ഗോപാലന്‍. 1960-കളിലാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. കാന്‍സര്‍ ഗവേഷക വിദഗ്ധയാണ് ശ്യാമള ഗോപാലന്‍. ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസാണ് കമലയുടെ പിതാവ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Priyanka Chopra congratulates Kamala Harris on her candidature