| Wednesday, 29th March 2023, 8:36 pm

ആര്‍.ആര്‍.ആര്‍ ബോളിവുഡ് സിനിമയെന്ന് അവതാരകന്‍; അല്ല 'തമിഴ്' സിനിമയെന്ന് പ്രിയങ്ക; പരാമര്‍ശം വിവാദത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ സിനിമ ആര്‍.ആര്‍.ആര്‍ തമിഴ് ചിത്രമാണെന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പരാമര്‍ശം വിവാദത്തില്‍. Armchair Expert Podcastന് നല്‍കിയ അഭിമുഖത്തിലാണ് താരം ആര്‍.ആര്‍.ആറിന്റെ ഒറിജിന്‍ തെറ്റി പറഞ്ഞത്.

പ്രിയങ്കയുമായുള്ള അഭിമുഖം മാര്‍ച്ച് 28ന് സ്‌പോട്ടിഫൈ റിലീസ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിലടക്കം താരത്തിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

ബോളിവുഡ് സിനിമകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രീതിയില്‍ വികസിച്ചിട്ടുണ്ടെന്ന് പ്രിയങ്ക അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അവതാരകന്‍ താന്‍ ആര്‍.ആര്‍.ആര്‍ കണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇതോടൊയാണ് ആര്‍.ആര്‍.ആര്‍ ബോളിവുഡ് ചിത്രമല്ലെന്നും തമിഴ് സിനിമയാണെന്നും പ്രിയങ്ക പറഞ്ഞത്.

‘ബോളിവുഡ് സിനിമകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെയധികം വികസിച്ചിട്ടുണ്ട്. അവിടെ നിങ്ങള്‍ക്ക് മുഖ്യധാരാ സിനിമകളും ബിഗ്ബഡ്ജറ്റ് ചിത്രങ്ങളും ആക്ഷനും പ്രണയവും എന്ന് തുടങ്ങി എല്ലാ ഴോണറിലുമുള്ള ചിത്രങ്ങളും കാണാന്‍ സാധിക്കും.

ഇതിനിടെയായിരുന്നു അവതാരകന്‍ ആര്‍.ആര്‍.ആറിനെ കുറിച്ച് പരാമര്‍ശിച്ചത്.

‘ആര്‍.ആര്‍.ആര്‍ ബോളിവുഡ് ചിത്രമല്ല. അതൊരു തമിഴ് സിനിമയാണ്. ബിഗ് ബഡ്ജറ്റ് മെഗാ ബ്ലോക് ബസ്റ്റര്‍ തമിഴ് സിനിമയാണത്. നമ്മുടെ അവഞ്ചേഴ്‌സ് പോലെയാണ് ആര്‍.ആര്‍.ആര്‍. ഇത്രയും വലിയ സിനിമകള്‍ നിര്‍മിക്കുന്ന നിരവധി ഇന്‍ഡസ്ട്രികള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ സിനിമ മേഖല,’ പ്രിയങ്ക ചോപ്ര പറഞ്ഞു.

അക്കാദമി അവാര്‍ഡടക്കം വിജയിച്ച ആര്‍.ആര്‍.ആറിനെ തമിഴ് സിനിമയാക്കിയതോടെ ആരാധകരും താരത്തിനെതിരെ തിരിയുകയായിരുന്നു. ഓസ്‌കാര്‍ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ രാം ചരണും ഭാര്യയും പ്രിയങ്കയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

അതുകൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയെയും സംഗീത സംവിധായകന്‍ എം.എം കീരവാണിയെയും പ്രിയങ്ക സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സിനിമയുടെ യഥാര്‍ത്ഥ ഭാഷ പ്രിയങ്ക മാറ്റി പറഞ്ഞതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അമേരിക്കയിലെ ഡയറക്ടേഴ്‌സ് ഗില്‍ഡില്‍ നടത്തിയ അഭിമുഖത്തിനിടെ ആര്‍.ആര്‍.ആര്‍ ബോളിവുഡ് ചിത്രമാണെന്ന പറഞ്ഞ പത്രപ്രവര്‍ത്തകരെ രാജമൗലി തിരുത്തിയിരുന്നു. ആര്‍.ആര്‍.ആര്‍ ഒരു ബോളിവുഡ് ചിത്രമല്ലെന്നും ഇന്ത്യയുടെ സൗത്ത് റീജിയനില്‍ നിന്ന് വരുന്ന ഒരു തെലുങ്ക് ചിത്രമാണെന്നുമാണ് രാജമൗലി പറഞ്ഞത്.

Content Highlight: priyanka chopra comment on rrr gone viral

We use cookies to give you the best possible experience. Learn more