| Tuesday, 27th April 2021, 8:58 am

ആവശ്യത്തിലധികം വാക്‌സിന്‍ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുകയല്ലേ, ഗുരുതരാവസ്ഥയിലായ എന്റെ രാജ്യത്തിന് വാക്‌സിന്‍ നല്‍കാമോ: അമേരിക്കയോട് പ്രിയങ്ക ചോപ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് രണ്ടാം തരംഗം അതി തീവ്ര വ്യാപനത്തിലെത്തിയ ഇന്ത്യയെ അമേരിക്ക സഹായിക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയങ്ക ചോപ്ര രംഗത്ത്. ഇന്ത്യയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകണമെന്നുമാണ് പ്രിയങ്ക ആവശ്യപ്പെട്ടത്.

‘എന്റെ ഹൃദയം നുറുങ്ങുകയാണ്. ഇന്ത്യ കൊവിഡ് 19 മൂലം കടുത്ത ദുരിതം അനുഭവിക്കുകയാണ്. എന്നാല്‍ അമേരിക്ക ആവശ്യമുള്ളതിനേക്കാള്‍ 550 മില്യണ്‍ വാക്‌സിന്‍ ഓഡര്‍ ചെയ്തിരിക്കുന്നു.

ആസ്ട്രസെനക്ക വാക്‌സിന്‍ ലോകം മുഴുവനുമായി പങ്കുവെച്ചതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ത്യയ്ക്ക് കുറച്ച് വാക്‌സിന്‍ നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുമോ,’ പ്രിയങ്ക ട്വീറ്റ് ചെയ്തു

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റൊണാള്‍ഡ് ക്ലെയ്ന്‍, സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പ്രിയങ്കയുടെ ട്വീറ്റ്.

അമേരിക്കയുടെ വാക്‌സിന്‍ നയവും കൂടുതല്‍ വാക്‌സിന്‍ കൈക്കലാക്കി വെച്ചിരിക്കുന്നതും ലോകം മുഴുവന്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് തടസ്സമാകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ബൈഡനുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. അമേരിക്ക ഇന്ത്യയ്ക്ക് നല്‍കുന്ന എല്ലാ സഹായങ്ങള്‍ക്കും ബൈഡനോട് നന്ദി പറഞ്ഞുവെന്നും മോദി ട്വിറ്ററിലെഴുതി.

കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പറഞ്ഞത്.

ഇന്ത്യയെ സഹായിക്കുന്നതിന് ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും സഹായവും അടിയന്തരമായി അയയ്ക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്നും ബൈഡനും ഹാരിസും ഉറപ്പ് നല്‍കിയിരുന്നു.

‘പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ തന്നെ നമ്മുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം അയച്ചതുപോലെ, ഇന്ത്യയെ ആവശ്യമുള്ള സമയത്ത് സഹായിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചതാണ്,” ബൈഡന്‍ പറഞ്ഞു.

വേഗത്തില്‍ സഹായവും പിന്തുണയും നല്‍കാന്‍ യു.എസ് ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമല ഹാരിസ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയും ധീരരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടിയും തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായി കമല ഹരിസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി തുടരുകയാണ്. ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതി രൂക്ഷമാണ്. ഓക്‌സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Priyanka Chopra asks USA to help India in Covid 19

We use cookies to give you the best possible experience. Learn more