ന്യൂദല്‍ഹി: രാജ്യ സഭയില്‍ കുടുംബപ്പേരിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ചൂടുപിടിച്ചതിനു പിന്നാലെ രാജ്യത്ത് സ്ത്രീകളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ പോളിസി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് പ്രിയങ്ക ചതുര്‍വേദി.
സ്ത്രീകള്‍ വിവാഹ ശേഷം ഭര്‍ത്താവിന്റെ കുടുബ പേര് സ്വീകരിക്കുന്നത്
പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഇതിനെ പരിഹസിച്ചു രംഗത്ത് വന്ന സ്ഥിതിക്ക്, കുടുംബ പേര് ചേര്‍ക്കുന്നതിന് പുതിയ നിയമ നിര്‍മാണം നടത്തണമെന്നും, ഇതിനായി പുതിയ പോളിസി പ്രഖ്യാപിക്കണമെന്നുമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
‘സ്ത്രീകള്‍ ഭര്‍ത്താവിന്റെ സര്‍നെയിം സ്വീകരിക്കുന്ന പുരുഷാധിപത്യ വ്യവസ്ഥിതിയെ പ്രധാനമന്ത്രി തന്നെ പരിഹസിച്ച സ്ഥിതിക്ക് വിവാഹ ശേഷം എല്ലാ സ്ത്രീകള്‍ക്കും, അവരുടെ മക്കള്‍ക്കും സ്വന്തം കുടുംബ പേര് നിലനിര്‍ത്താന്‍ അനുമതി നല്‍കുന്ന പുതിയ നിയമത്തിനായി പോളിസി പ്രഖ്യാപിക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്,” പ്രിയങ്ക ട്വീറ്റ് ചെയ്തു.
അതേ സമയം രാജ്യസഭയില്‍ മോദി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് ഈ രാജ്യത്തിന്റെ സംസ്‌കാരത്തെപ്പറ്റി
കുറച്ചെങ്കിലുംബോധം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരാമര്‍ശം അദ്ദേഹം നടത്തില്ലായിരുന്നു എന്നാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പത്ര സമ്മേളനത്തില്‍ പ്രതികരിച്ചത്.
‘രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഈ നാടിന്റെ സംസ്‌കാരത്തെ കുറിച്ച് ബോധമില്ലെങ്കില്‍ പിന്നെ ദൈവത്തിന് മാത്രമേ ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ. ഇത്ര വലിയ സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം വരാന്‍ പാടില്ലാത്തതാണ്,’ അദ്ദേഹം പറഞ്ഞു.
അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് മറുപടി പറയവെയാണ് ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാന മന്ത്രി രംഗത്ത് വന്നത്. ഗാന്ധി കുടുംബത്തിലെ ആളുകള്‍ എന്ത് കൊണ്ടാണ് തങ്ങളുടെ പേരിനോടൊപ്പം നെഹ്‌റുവിന്റെ പേര് ചേര്‍ക്കാന്‍ പേടിക്കുന്നതെന്നായിരുന്നു മോദി ചോദിച്ചത്.
Content Highlights: Priyanka Chaturvedi said modi to introduce new policy to women taking husband sirname