ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് തന്നെ അപമാനിച്ചെന്നും
ആത്മാഭിമാനം പണയപ്പെടുത്തി കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് തരുമെന്നാണ് കരുതിയതെന്നും സ്ത്രീ മുന്നേറ്റമാണ് തന്റെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകളെയും യുവാക്കളെയും അംഗീകരിക്കുന്നതാണ് ശിവസേനയെന്നും അതിനാലാണ് ശിവസേനയില്‍ ചേര്‍ന്നതെന്നും പ്രിയങ്ക പറഞ്ഞു.
തന്നോട് അപമര്യാദയായി പെരുമാറിയ നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടത്. പ്രിയങ്ക തന്റെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തിന്റെ പകര്‍പ്പ് പുറത്തു വിട്ടിരുന്നു.
നേരത്തെ ട്വിറ്ററിലെ തന്റെ ബയോയില്‍ നിന്നും പാര്‍ട്ടിയുമായി തനിക്കുള്ള ബന്ധം പ്രിയങ്ക നേരത്തെ വിച്ഛേദിച്ചിരുന്നു. ദേശീയ വക്താവ്, എ.ഐ.സി.സി എന്നത് മാറ്റി ബ്ലോഗര്‍ എന്നാണ് ട്വിറ്ററില്‍ പ്രിയങ്ക തന്നെ വിശേഷിപ്പിക്കുന്നത്.
പ്രിയങ്കയുടെ പരാതിയെ തുടര്‍ന്ന് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കുറഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ ഇവരെ പാര്‍ട്ടി തിരിച്ചെടുക്കുകയായിരുന്നു.
ഇതിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ പ്രിയങ്ക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ‘പാര്‍ട്ടിക്ക് വേണ്ടി ചോരയും വിയര്‍പ്പും നല്‍കുന്നവര്‍ക്ക് പകരം ഇത്തരം വിഡ്ഡികളായ ഗുണ്ടകള്‍ക്ക് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതില്‍ ഞാന്‍ അതീവ ദുഖികതയാണ്. പാര്‍ട്ടിക്ക് വേണ്ടി വിമര്‍ശനങ്ങളും തെറികളും കേട്ടിട്ടും, പാര്‍ട്ടിയില്‍ എന്നെ ഭീഷണിപ്പെടുത്തിയവര്‍ ഒരു നടപടിയേയും ഭയക്കാതെ വിലസുന്നു’- എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
പാര്‍ട്ടിയുടെ ഔദ്യോഗിക ആവശ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കവേയാണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്നും, എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കായതിനാല്‍ എല്ലാവരേയും പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്ന് കാണിച്ച് ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പ്രിയങ്ക പറയുന്നു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് ടോം വടക്കന്‍ ഈയിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയിരുന്നു. പുല്‍വാമ വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടായിരുന്നു ശരി എന്ന വാദിച്ചായിരുന്നു ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് പോയത്.
DoolNews Video