ന്യൂദൽഹി: സിനിമ സംഭാഷണത്തിൽ ഒഴുക്കൻ മട്ടിലുള്ള ഭാഷ ഉപയോഗിച്ചെന്ന പേരിൽ ആദിപുരുഷിനെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി രംഗത്ത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രിയങ്ക സിനിമയോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.
ഹിന്ദുമത ഇതിഹാസമായ രാമായണത്തിനോടുള്ള അനാദരവാണിതെന്നും സിനിമ നിർമാതാക്കൾ മാപ്പ് പറയണമെന്നും ചതുർവേദി ആവശ്യപ്പെട്ടു.
‘ആദിപുരുഷ് എന്ന ചിത്രത്തിൽ ഒഴുക്കൻ മട്ടിലുള്ള ഭാഷ ഉപയോഗിച്ചതിൽ ചിത്രത്തിന്റെ സംഭാഷണം രചിച്ച മനോജ് മുൻടാഷിർ, സംവിധായാകൻ ഓം റൗട്ട് എന്നിവർ രാജ്യത്തോട് മാപ്പ് പറയണം, പ്രധാനമായും ഭഗവാൻ ഹനുമാന് വേണ്ടി,’ചതുർവേദി ട്വിറ്ററിൽ കുറിച്ചു.
ഒഴുക്കൻ മട്ടിലുള്ള ഭാഷകൾ ദൈവങ്ങളെപ്പറ്റി സംസാരിക്കാൻ ഉപയോഗിക്കുന്നത് ഓരോ ഇന്ത്യക്കാരനേയും വേദനിപ്പിക്കുന്നതാണെന്ന് ചതുർവേദി ട്വീറ്റിൽ കൂട്ടിച്ചേർത്തു.
വിനോദത്തിന്റെ പേരിൽ ആരാധ്യരായ ദൈവങ്ങളെ പറ്റി സംസാരിയ്ക്കുമ്പോൾ ഇത്തരത്തിലുള്ള ഭാഷകൾ ഉപയോഗിക്കുന്നത് ഓരോ ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നതാണ്.
മര്യാദ പുരുഷോത്തമനായ രാമനെപ്പറ്റി നിങ്ങൾ ഒരു സിനിമ നിർമിച്ചു, പക്ഷെ വെറും ബോക്സ് ഓഫീസ് വിജയത്തിനായി മര്യാദയുടെ എല്ലാ അതിരുകളും നിങ്ങൾ ഭേദിച്ചു. ഇതിനോട് യോജിക്കാനാകില്ല,’ ചതുർവേദി ട്വീറ്ററിൽ കുറിച്ചു.
രാമായണത്തിലെ കഥാപാത്രങ്ങളെ ആധാരമാക്കിയുള്ള ചിത്രം ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തി എന്ന പേരിൽ ഹിന്ദുസേന കോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിനെതിരെ വിമർശനവുമായി മുൻകാല പുരാണ സീരിയലായ രാമായണം ചിത്രീകരിച്ച രാമാനന്ദ സാഗറിന്റെ മകൻ പ്രേം ആനന്ദ് രംഗത്തെത്തിയിരുന്നു.
രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Priyanka Chaturvedi on Adipurush