ന്യൂദല്‍ഹി: വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് എങ്ങനെയാണ് പക്ഷപാതപരമായ അഭിപ്രായമാകുന്നതെന്ന് ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുര്‍വേദി. ഈ അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ അണ്‍ അക്കാദമിയിലെ (Unacademy) അധ്യാപകനെ പിരിച്ച് വിട്ടത് ശരിയായില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭിപ്രായപ്പെട്ട അധ്യാപകന്‍ കരണ്‍ സാങ്‌വാനെ പിരിച്ചുവിടുന്നുവെന്ന അണ്‍അക്കാദമി സഹ സ്ഥാപകനായ രോമന്‍ സൈനിയുടെ ട്വീറ്റില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
‘വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് നല്‍കണമെന്ന് പറയുന്നതെങ്ങനെയാണ് പക്ഷപാതപരമായ അഭിപ്രായമാകുന്നത്? ആ അഭിപ്രായം യുവ മനസുകളെ പോസിറ്റീവായി ബാധിക്കില്ലേ? കേവലം ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചതിന് ഒരാളുടെ ജോലി നഷ്ടപ്പെടുത്തിയ അണ്‍ അക്കാദമിയോട് ലജ്ജ തോന്നുന്നു.
വിദ്യാസമ്പന്നരായ നേതാക്കളെ കുറിച്ച് കരണ്‍ നടത്തിയ അഭിപ്രായം പ്രധാനമന്ത്രിയെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും തോന്നിയത് എന്തുകൊണ്ടാണ്. ഇവിടെ കജോള്‍ ലെവല്‍ ട്രോളിങ് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ അഭിപ്രായം അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തി,’ ചതുര്‍വേദി പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുളള സ്ഥലമല്ല ക്ലാസ്‌റൂം എന്ന് പറഞ്ഞ് കൊണ്ടാണ് കരണിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നുവെന്ന് വ്യാഴാഴ്ച രോമന്‍ സൈനി ട്വീറ്റ് ചെയ്തത്.
‘മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്ന എഡുക്കേഷന്‍ പ്ലാറ്റ്‌ഫോമാണിത്. നിഷ്പക്ഷമായ അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന ഉദ്ദേശത്തോടെ അധ്യാപകര്‍ക്ക് കര്‍ശനമായ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം വിദ്യാര്‍ത്ഥികളാണ്. തെറ്റായി സ്വാധീനിക്കപ്പെടുന്നത് കൊണ്ട് തന്നെ ക്ലാസ്‌റൂം വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാനുള്ള സ്ഥലമല്ല. നിലവിലെ സാഹചര്യത്തില്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിനാല്‍ കരണ്‍ സാങ്‌വാനെ പിരിച്ച് വിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
കരണിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പറയുന്നത് തെറ്റാണോ എന്നാണ് കെജ്‌രിവാളും ചോദിച്ചത്.
‘വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നത് തെറ്റാണോ? നിരക്ഷരരെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ജനപ്രതിനിധികള്‍ക്ക് നിരക്ഷരരാകാന്‍ കഴിയില്ല. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലഘട്ടമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ നിരക്ഷരരായ ജനപ്രതിനിധികള്‍ക്ക് കഴിയില്ല,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ലോക്സഭയില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യവേയായിരുന്നു കരണിന്റെ പരാമര്‍ശം.
‘അടുത്ത തവണ നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ നല്ല വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക് വോട്ട് ചെയ്യുക. അങ്ങനെ ഇന്നത്തെ സാഹചര്യം വീണ്ടും നേരിടാതിരിക്കുക. വിദ്യാസമ്പന്നരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരുമായ ഒരാളെ തെരഞ്ഞെടുക്കുക. പേര് മാറ്റാന്‍ മാത്രം അറിയാവുന്ന ഒരാളെ തെരഞ്ഞെടുക്കരുത്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം അണ്‍ അക്കാദമിയുടെ നിലപാടിനെതിരെ അണ്‍ ഇന്‍സ്റ്റാള്‍ അണ്‍ അക്കാദമി എന്ന ക്യാംപയിനും സമൂഹ മാധ്യങ്ങളില്‍ നടക്കുന്നുണ്ട്.
content highlights: Priyanka chathurvedhi against un academy