ന്യൂദല്‍ഹി: മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വനിതകള്‍ക്കെതിരെ നടന്ന അതിഭീകരമായ ഈ സംഭവത്തെ അപലപിക്കുന്ന പ്രതികരണങ്ങള്‍ കാര്യമായി ഉയര്‍ന്നുവരുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
ഈ സമൂഹത്തില്‍ നടക്കുന്ന എല്ലാ തരം അക്രമങ്ങളിലും സ്ത്രീകളും കുട്ടികളുമാണ് ഇരകളാകുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ‘മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുന്നതിനായി അക്രമങ്ങളെ നമ്മളെല്ലാം ഒറ്റക്കെട്ടായി അപലപിക്കണം.
മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. ഇത്തരം അക്രമങ്ങളും അവയുടെ ചിത്രങ്ങളും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലേ,’ പ്രിയങ്ക ചോദിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ നിശബ്ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നതെന്നും സമാധാനമാണ് മുന്നിലുള്ള ഏക വഴിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം:
മണിപ്പൂരില്‍ നിന്ന് വരുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങള്‍ ഹൃദയഭേദകമാണ്. സ്ത്രീകള്‍ക്കെതിരായ ഈ ഭയാനകമായ അതിക്രമത്തെ അപലപിച്ചവരുടെ എണ്ണം കുറവാണ്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ്.
മണിപ്പൂരിലെ സമാധാന ശ്രമങ്ങള്‍ തുടരുമ്പോള്‍ നാമെല്ലാവരും ഒരേ സ്വരത്തില്‍ അക്രമത്തെ അപലപിക്കണം. മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും കണ്ണടച്ച് ഇരിക്കുന്നത്? ഇത്തരം ചിത്രങ്ങളും അക്രമസംഭവങ്ങളും അവരെ അസ്വസ്ഥമാക്കുന്നില്ലേ?
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം:
പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യ നിശബ്ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി.
Content Highlights: priyanka and rahul gandhi responds to manipur gangrape on kuki women