| Monday, 8th April 2024, 9:28 pm

ആര്‍.എസ്.എസ് സര്‍വേ പ്രകാരം ബി.ജെ.പി ഇത്തവണ 200 സീറ്റ് പോലും തികയ്ക്കില്ല: വാദവുമായി പ്രിയങ്ക് ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ആര്‍.എസ്.എസ് നടത്തിയ രഹസ്യ സര്‍വേയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി ഇത്തവണ 200 സീറ്റ് പോലും നേടില്ലെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ.

കര്‍ണാടകയില്‍ ബി.ജെ.പി എട്ട് സീറ്റ് പോലും നേടില്ല. പല മുതിര്‍ന്ന ബി.ജെ.പി നേതാക്കളും പാര്‍ട്ടിയെ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഒരു കുടുംബം കാരണം ബി.ജെ.പി സംസ്ഥാനത്ത് മലിനമായെന്ന് നേതാക്കള്‍ പറയുന്നതായും പ്രിയങ്ക് സൂചിപ്പിച്ചു.

അതേസമയം വരള്‍ച്ചാ ദുരിതാശ്വാസം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം നടത്തിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശനം ഉയര്‍ത്തി. അമിത് ഷാ നുണയന്‍ ആണെന്നും അദ്ദേഹം തെറ്റായ വിവരങ്ങളുടെ മന്ത്രി ആകേണ്ടതായിരുന്നുവെന്നും പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ബി.ജെ.പിക്കെതിരെ ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവുവിനെ ബി.ജെ.പി എം.എല്‍.എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ അധിക്ഷേപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ പങ്കാളി മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ റാവുവിന്റെ വസതി പാകിസ്ഥാന്റെ പകുതിയാണെന്നാണ് യത്‌നാല്‍ പറഞ്ഞത്.

സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ബി.ജെ.പി നേതാവിനെ കുറിച്ച് ദിനേശ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസ്താവന.

28 ലോക്സഭാ സീറ്റുകളുള്ള കര്‍ണാടകയില്‍ ഏപ്രില്‍ 26, മെയ് 7 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും ബി.ജെ.പിക്കെതിരെ ഒരുമിച്ച് മത്സരിക്കുകയായിരുന്നു. എന്നാല്‍ സഖ്യം പൂര്‍ണമായി പരാജയം നേരിട്ടു. തുടര്‍ന്ന് ഫലത്തില്‍ ബി.ജെ.പി 25 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.

Content Highlight: Priyank Kharge said that according to the RSS survey, BJP will not even get 200 seats this time

We use cookies to give you the best possible experience. Learn more