കേരളത്തില്‍ പ്രത്യേകിച്ച് തൃശ്ശൂരില്‍ സാംസ്‌കാരിക മേഖലയില്‍ സംഘപരിവാര്‍ ശക്തികള്‍ തുടര്‍ച്ചയായി ഇടപെടുന്ന ഒരു പ്രവണത കഴിഞ്ഞ കുറച്ച് കാലമായി ഉണ്ട്. വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയ പ്രശ്‌നങ്ങള്‍, പൂരപ്പറമ്പില്‍ ഇരിക്കാന്‍ പാടില്ല എന്ന് പറഞ്ഞ് നടത്തിയ ഗുണ്ടായിസം, ശ്രീ കേരള വര്‍മ കോളേജുമായി ബന്ധപ്പെട്ടുണ്ടായ നിരവധി പ്രശ്‌നങ്ങള്‍ തുടങ്ങി ഒരു പാട് ഉദാഹരണങ്ങളുണ്ട്. ഇപ്പോള്‍ ആര്‍.എസ്.എസുകാര്‍ താങ്കളെ കായികമായി ആക്രമിച്ചിരിക്കുന്നു. ഇതിനെ എങ്ങനെയാണ് കാണുന്നത്.?
കേരളത്തില്‍ ഇത്തരം ഭീഷണി വ്യാപകമാക്കുക എന്നുള്ളതാണ് ഉദ്ദേശ്യം. പ്രതികരിക്കുന്ന മനസുകളെ ഇല്ലാതാക്കുക, സ്വതന്ത്രമായ അഭിപ്രായത്തെ തള്ളിക്കളയുക എന്നുള്ള പരിപാടിയാണ്. ഇത് കുറെക്കാലമായിട്ട് തുടങ്ങിയിട്ടുള്ളതാണ്.
മുന്‍പ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് സിനിമ ചെയ്യുന്ന സമയത്തും ഇതൊക്കെ എനിക്ക് നേരെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ വേറെ തരത്തില്‍ വഴിമാറിപ്പോയിട്ടുണ്ടായിരുന്നു. സിനിമ കാണാനാണ് അവരോട് ഞാന്‍ പറഞ്ഞിരുന്നത്. അടുത്തദിവസം തന്നെ ഇവര്‍ വന്ന് സിനിമ കാണുകയും ചെയ്തിട്ടുണ്ട്.
അത്തരം ഭീഷണികളുടെ പുറത്തൊന്നും നമ്മള്‍ മാറിയിട്ടില്ല. അതാത് സമയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഉണ്ട്. സാംസ്‌കാരിക മേഖലയില്‍ വരുന്ന ആളുകളെ പിടിച്ചടക്കുകയാണ്. ധാര്‍മ്മികത പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി, നമ്മള്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ല എന്നൊക്ക പറഞ്ഞിട്ടാണ് അവര്‍ ആക്രമണത്തിന്റെ ഇത്തരം രീതി പങ്കിട്ടെടുക്കുന്നത്.
ഇവരുടെ അജണ്ട വേറെയാണ്.
മുന്‍ കാലത്തൊന്നും സെല്‍ഫ് സെന്‍ഷര്‍ഷിപ്പിനെക്കുറിച്ച് നമ്മള്‍ ആലോചിക്കാറില്ലായിരുന്നു. ഇപ്പോള്‍ സംഘപരിവാര്‍ ഇതൊക്കെ എങ്ങനെ തെറ്റായി വായിക്കും എന്ന തരത്തില്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. എഴുത്തുകാരോ സ്വതന്ത്രമായി അഭിപ്രായ പറയുന്നവരോ സെല്‍ഫ് സെന്‍സര്‍ഷിപ്പിന് വിധേയരാവുന്നുണ്ടോ?
അതൊക്കെ പണ്ട് മുതലേ കേട്ടിട്ടുള്ളതാണ്. പറയാനുള്ളത് പറയുമ്പോള്‍ കൊല്ലും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പുതിയ കാര്യമല്ല. പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തും എന്ന് പറയുമ്പോള്‍ അതൊരു വല്ലാത്ത പ്രശ്നമല്ലേ? ഭീഷണിപ്പെടുത്തി അങ്ങനെ ഒരു കാര്യം പറയുമ്പോള്‍ ഈ രംഗത്ത് നില്‍ക്കുന്ന എത്ര പേര്‍ നെഗറ്റീവായി ആലോചിച്ചിട്ടുണ്ടാകും.
ഒരു കലാസൃഷ്ടി ഉണ്ടാക്കുന്ന സമയത്ത് ഇങ്ങനെയൊന്നും പറയാന്‍ പാടില്ല, ചെയ്യാന്‍ പാടില്ല എന്ന് പറയുമ്പോള്‍ നമ്മളെല്ലാം പേടിച്ചുപോകും.
ഇങ്ങനെയൊരു സംഭവം എനിക്ക് നേരിട്ടറിയാം.
കുന്ദംകുളത്തൊരു കോളേജിന്റെ മാഗസിന്‍ അതിന്റെ ഉള്ളടക്കത്തിന്റെ പേരില്‍ വലിയ വിവാദമായിരുന്നു. അതിന് ശേഷം ഞാന്‍ വേറെ ഒരു കാമ്പസില്‍ മാഗസിന്‍ പ്രകാശനത്തിനായി എത്തിയപ്പോള്‍ സ്വാഗത പ്രസംഗം നടത്തിയ അവിടത്തെ പ്രിന്‍സിപ്പാള്‍ പറഞ്ഞു, കുന്ദംകുളം കോളേജിലുണ്ടായ പ്രശ്നം ഇവിടെ ഉണ്ടാകാതിരിക്കാന്‍ തങ്ങള്‍ നേരത്തെ സെന്‍സര്‍ ചെയ്തു എന്ന്.
എഴുത്തുകാരന്‍ സ്വയം സെന്‍സര്‍ ചെയ്യപ്പെടുന്നുണ്ട്. അത് വളരെ ഭീതിജനിപ്പിക്കുന്ന ഒന്നാണ്.
മാധ്യമങ്ങളും എഡിറ്റര്‍മാരും എഴുത്തുകാരുമൊക്കെ അത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്?
തീര്‍ച്ചയായും. കടുത്ത ആക്രമണം ഉണ്ടാകുമ്പോള്‍ സമൂഹം ആ രീതിയില്‍ ചിന്തിക്കും. നിങ്ങള്‍ ശ്രദ്ധിച്ച് ചെയ്തോളൂ.. അല്ലെങ്കില്‍ ആളുകള്‍ ആക്രമിക്കും എന്ന് പറയും. പണ്ട് നമ്മള്‍ വായിച്ചിട്ടുണ്ട്, ഫാസിസ്റ്റ് കാലത്തെ ബ്രഹ്തന്റെ നാടകങ്ങളിലൊക്കെ ഇത് വളരെ വ്യക്തമായി പറയുന്നുണ്ട്. ഫാസിസ്റ്റ് കാലത്ത് ഞാന്‍ എന്തെങ്കിലും ചെയ്താല്‍ എന്റെ വീടിനെ ആക്രമിക്കുക, എന്റെ ബന്ധുക്കളെ ആക്രമിക്കുക, സ്‌കൂളിലേക്ക് കുഞ്ഞുങ്ങള്‍ പോവുമ്പോള്‍ അവരെ ആക്രമിക്കുക. വളരെ കൃത്യമാണ് കാര്യങ്ങള്‍. ആ ഫാസിസ്റ്റ് കാലത്തേയാണ് നമ്മുടെ നാട്ടിലേക്ക് ഇവര്‍ മറ്റൊരു തരത്തില്‍ കൊണ്ടുവരുന്നത് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
ആര്‍ട്ടിസ്റ്റ് എന്ന് പറഞ്ഞാല്‍ ജാതി-മത-ലിംഗ-വര്‍ഗ വിഭാഗീയതകള്‍ക്ക് അതീതമായി ചിന്തിക്കുകയും കലാസൃഷ്ടികള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ എന്നാണല്ലോ സങ്കല്പം? പക്ഷെ മലയാളത്തില്‍ കൃത്യമായിട്ട് തീവ്രവലതുപക്ഷത്തിന്റെ പക്ഷം പിടിക്കുന്ന, ആര്‍ടിസ്റ്റുകളുടെ എണ്ണം കൂടുന്നത് കാണുന്നുണ്ട്. അല്ലെങ്കില്‍ ആര്‍ടിസ്റ്റുകള്‍ പുലര്‍ത്തുന്ന നിശബ്ദത, തീവ്രവലതുപക്ഷത്തിനുള്ള അനുമതിയായി കാണേണ്ടതില്ലേ?
എന്റെ സിനിമ ചെയ്യുന്ന കാലത്ത് അതില്‍ വര്‍ക്ക് ചെയ്യുന്ന ആളുകള്‍ ഏത് രാഷ്ട്രീയത്തിലുള്ളവരാണെന്ന് ഇന്നേവരെ നോക്കിയിട്ടില്ല. എന്റെ പല സിനിമകളിലും കാലങ്ങളായി ബി.ജെ.പി, ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഹകരിച്ചിട്ടുണ്ട്. അവര്‍ കൃത്യമായി രാഷ്ട്രീയമുള്ളവരാണ് എന്ന് അറിഞ്ഞിട്ട് തന്നെയാണ് അവരെ സിനിമയില്‍ അഭിനയിപ്പിച്ചിട്ടുള്ളത്.
കക്ഷി രാഷ്ട്രീയം വെച്ചിട്ട് ഞാനിത് വരെ അഭിനയിപ്പിച്ചിട്ടില്ല.
കാരണം ക്രിയാത്മകമായ ഇടപെടലിലൂടെയും മാറ്റങ്ങളിലൂടെയും മാനസികമായ പരിവര്‍ത്തനം സംഭവിക്കേണ്ടതുണ്ട്. വേണമെങ്കില്‍ എനിക്കവരെ മാറ്റിനിര്‍ത്താമായിരുന്നു, അങ്ങനെയില്ല.
നാളികേരം കത്തിച്ച് പൂജ ചെയ്യണം എന്ന് പറയുമ്പോള്‍ ഞാനൊരിക്കലും നിഷേധിച്ചിട്ടില്ല. ഞാന്‍ തന്നെയാണ് അത് കത്തിച്ച് കൊടുത്ത് കാര്യങ്ങള്‍ ചെയ്യാറ്. അത്തരം വിശ്വാസമുള്ളവരുടെ ആത്മവിശ്വാസം കെടുത്താനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ ഫിലോസഫിക്കലായ കാര്യങ്ങളൊക്കെ നമുക്കറിയാം. അതൊക്കെ സാമൂഹിക പരിവര്‍ത്തനം കൊണ്ട് മാറട്ടെ എന്നുള്ളതാണ്. എന്റെ രാഷ്ട്രീയവും വിശ്വാസവുമൊക്കെ മറ്റൊന്നാണ്. പക്ഷേ അത് അസഹിഷ്ണുതയ്ക്ക് കാരണമാവേണ്ടതില്ല എന്നാണ് എന്റെ രാഷ്ട്രീയം. എല്ലാത്തരം ഭിന്നതകളെയും ഉള്‍ക്കൊള്ളുന്നതാണല്ലോ ജനാധിപത്യം.
ഈ വിഷയം എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമായിട്ട് എനിക്ക് തോന്നിയിട്ടില്ല. എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. അതുകൊണ്ട് തന്നെയാണ് ഭയന്ന് ഒളിച്ചിരിക്കാന്‍ പോകുന്നില്ല ഇവിടെത്തന്നെയുണ്ടാവും എന്ന് ഞാന്‍ പറയുന്നത്.
ആക്രമണം നടത്തിയ സരോവര്‍ എന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തല്ലോ?
അതെ. അറസ്റ്റ് ചെയ്തു. സാധാരണ ഞാന്‍ രാവിലെ 7 മണിക്ക് മുമ്പായി പാല് വാങ്ങിക്കാന്‍ പോകാറുണ്ട്. ഇന്ന് പോകാന്‍ കുറച്ച് വൈകിപ്പോയി. അതുവരെ അയാള്‍ കറക്റ്റായി ചാണകവെള്ളം കലക്കിയ ബക്കറ്റുമായി അവിടെ കാത്തിരിക്കുകയായിരുന്നു. ഒന്നരമണിക്കൂറാണ് അയാള്‍ കാത്തിരിക്കുന്നത്. ആക്രമണം നടത്തിയായാളെ കൊണ്ടുവന്നതും തിരിച്ച് കൊണ്ടുപോയതും വളരെ ആസൂത്രിതമായിട്ടാണ്.
കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം?
കേസ് കേസിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. വൈകാരികമായ രാഷ്ട്രീയത്തിന്റെ പുറത്താണ് ചെയ്യുന്നതെങ്കില്‍ അങ്ങനെ ചെയ്തോട്ടെ എന്ന് കരുതിയാണ് അന്ന് എന്നെ തെറിവിളിച്ചപ്പോള്‍ കേസിനൊന്നും പോകാതിരുന്നത്. ഇത് പക്ഷേ ഈ രീതിയില്‍ മുന്നോട്ടുപോകാനാണ് തീരുമാനം.
WATCH THIS VIDEO: