'ഇര്‍ഷാദ് അടയാളപ്പെട്ടു തുടങ്ങി'; പ്രശംസയുമായി സംവിധായകന്‍ പ്രിയനന്ദനന്‍
Entertainment
'ഇര്‍ഷാദ് അടയാളപ്പെട്ടു തുടങ്ങി'; പ്രശംസയുമായി സംവിധായകന്‍ പ്രിയനന്ദനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st April 2021, 4:46 pm

ഈയിടെ പുറത്തിറങ്ങിയ വുള്‍ഫ് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് നടന്‍ ഇര്‍ഷാദ് നേടിക്കൊണ്ടിരിക്കുന്നത്. ഈയൊരവസരത്തില്‍ നടന്‍ ഇര്‍ഷാദിനെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക്കുറിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയനന്ദനന്‍.

സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താന്‍ ആള്‍ക്കൂട്ടത്തിലെ ഒരാളായി ഇര്‍ഷാദ് പല തവണ നിന്നിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും അവഗണനായി തോന്നിയെന്ന് അവന്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടിട്ടില്ലെന്നും പ്രിയനന്ദനന്റെ കുറിപ്പില്‍ പറയുന്നു.

സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദന്‍, പവിത്രന്‍ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പന്‍ സാക്ഷി എന്നീ സിനിമകള്‍ നടന്‍ എന്ന രീതിയില്‍ ഉയിര്‍പ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാന്‍ ഇര്‍ഷാദിന് പിന്നെയും കാത്ത് നില്‍ക്കേണ്ടി വന്നുവെന്നും കുറിപ്പിലുണ്ട്.

ഇര്‍ഷാദ് അടയാളപ്പെട്ടു തുടങ്ങിയെന്നും പ്രിയനന്ദനന്‍ കുറിപ്പില്‍ പറഞ്ഞു.

ജോ എന്ന കഥാപാത്രത്തെയാണ് വുള്‍ഫില്‍ ഇര്‍ഷാദ് അവതരിപ്പിച്ചത്. സീ കേരളത്തിലും സീ ഫൈവ് ഒ.ടി.ടി പ്ലാറ്റ്ഫോമിലുമായാണ് വുള്‍ഫ് റിലീസ് ചെയ്തിരിക്കുന്നത്.

പ്രിയനന്ദനന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടിയുള്ള വിചാരണ എന്ന പ്രചരണ വിഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇര്‍ഷാദും
നല്ല സുഹൃത്തുക്കളായി തുടങ്ങുന്നത്. ഞങ്ങള്‍ രണ്ട് പേരും അതില്‍ നടന്മാരായിരുന്നു.

ഞാന്‍ പിന്നീട് സംവിധാന സഹായിയാകാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അവന്‍ നടനാവാന്‍ നടന്നു ക്കൊണ്ടേയിരുന്നു. സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താന്‍ ആള്‍ക്കൂട്ടത്തിലെ ഒരാളായി അവന്‍ പല തവണ നിന്നിട്ടുണ്ട്. അതൊന്നും അവഗണനായി തോന്നിയെന്ന് അവന്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടിട്ടും ഇല്ല.

സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദന്‍, പവിത്രന്‍ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പന്‍ സാക്ഷി എന്നി സിനിമകള്‍ നടന്‍ എന്ന രീതിയില്‍ ഉയിര്‍പ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാന്‍ പിന്നേയുംകാത്ത് നില്‍ക്കേണ്ടി വന്നു ഇര്‍ഷാദിന്. അവനവന്റെ അപ്പത്തിനായ് ടെലിവിഷന്‍ പരമ്പര അവനെ സഹായിച്ചിരുന്നെങ്കിലും. ഒരു ചട്ടകൂടിനപ്പുറം നടന്‍ എന്ന രീതിയില്‍ വളരാന്‍ അത് സഹായിക്കില്ലാന്ന് ഞങ്ങള്‍ ആത്മവ്യഥകള്‍ പങ്കിടുന്ന കാലത്ത് സംസാരിച്ചുകൊണ്ടിരുന്നു.

പുറമെ നിന്നുളള കയ്യടികള്‍ക്കപ്പുറത്ത് നിന്ന് വീട്ടിലേക്ക് കയറി പോകുമ്പോള്‍ നോക്കി നില്‍ക്കുന്ന
അമ്മമാരെപ്പോലെ മറ്റ് മക്കളുടെ സുരക്ഷിതത്വം നോക്കി ഇവന്‍ നേരായാകുമോ മോനെ എന്ന് ഒരിക്കല്‍ ഇര്‍ഷാദിന്റെ ഉമ്മ എന്നോടും ഒരിക്കല്‍ ചോദിക്കുകയുണ്ടായി.

പുറത്തെ പുറംപോച്ചിലാണ് ഞാനെന്ന് അന്ന് ഉമ്മക്ക് അറിയില്ലായിരുന്നു. എന്തായാലും അവന്‍ അടയാളപ്പെട്ടു തുടങ്ങിയെന്ന്
ഉമ്മയെ ഞാന്‍ അറിയിക്കുന്നു. അകലെ ആ വെളിച്ചം ഉമ്മ കാണുന്നുണ്ടാകണം. അറിയുന്നുണ്ടാകണം. അതിനു നിമിത്തമായ ഒട്ടേറെ പേരെ ഇവനും ഓര്‍ക്കാറുണ്ടെന്നതും ഇവന്റെ അഹങ്കാരമില്ലായ്മ തന്നെ. രഞ്ജിത്ത്, ഷാജി കൈലാസ്. ബെന്നി സാരഥി,
ലാല്‍ ജോസ്, തുടങ്ങി ഇപ്പോള്‍ ഷാജി അസീസു വരെ അവനെ പ്രാപ്തമാക്കിയ ഓരോരുത്തരോടും അവന്‍ കടപ്പെട്ടിരിക്കുന്നു എന്നതാണ് ,എന്റേയും സന്തോഷം. നടനാവാന്‍ നടന്നു ക്കൊണ്ടേയിരിക്കുക ഇര്‍ഷാദേ. അന്തിമ വിജയം നടക്കുന്നവര്‍ക്കുള്ളതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Priyanandanan facebook post about Irshad