| Friday, 25th January 2019, 11:36 am

അയ്യപ്പന് എതിരെ പറയാന്‍ നീ ആരെടാ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും തലയില്‍ ചാണക വെള്ളം ഒഴിക്കുകയുമായിരുന്നു; ആക്രമണത്തെ കുറിച്ച് പ്രിയനന്ദനന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തന്നെ ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകനാണെന്നും അയാളെ കണ്ടാല്‍ തിരിച്ചറിയാമെന്നും സംവിധായകന്‍ പ്രിയനന്ദനന്‍. അയ്യപ്പന് എതിരെ പറയാന്‍ നീ ആരെടാ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും തലയിലൂടെ ചാണക വെള്ളം ഒഴിക്കുകയുമായിരുന്നു അയാളെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

“” ഞാന്‍ രാവിലെ കടയിലേക്ക് പോകാറുണ്ട്. പതിവുപോലെ ഇന്നും പുറത്തുപോയി തിരികെ വരുമ്പോള്‍ ഒരുത്തന്‍ ഓടി വന്ന് ഒരു ബക്കറ്റ് ചാണക വെള്ളം തലയില്‍ ഒഴിക്കുകയും അയ്യപ്പന് എതിരെ പറയാന്‍ നീ ആരാടാ എന്ന് ചോദിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. ഇത് കണ്ടതോടെ അയാള്‍ ഓടിക്കളഞ്ഞു. അവരെ കണ്ടാല്‍ എനിക്ക് അറിയാം. ഇത് ഒരു തുടക്കം മാത്രമാണ് എന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ അവിടെ കാത്ത് നില്‍ക്കുകയായിരുന്നു. ഞാന്‍ അതിലെ സ്ഥിരമായി വരുന്നതാണെന്ന് മനസിലാക്കിയാണ് ഇത്. ഇതിന് പിന്നില്‍ ഒരാളല്ല. ഒരാള്‍ മാത്രമാണെങ്കില്‍ ഒരു കാര്യം ചെയ്യുമ്പോള്‍ പ്ലാനിങ് ഇല്ലാതെ ചെയ്യില്ല. ഒറ്റയ്ക്ക് ഒരാള്‍ അവിടെ വന്ന് ഇരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. എനിക്കെതിരെ ഭീഷണികള്‍ പലപ്പോഴുമുണ്ട്. പുറത്തേക്ക് ഇറങ്ങാന്‍ സമ്മതിക്കില്ലെന്നും സാഹിത്യ അക്കാദമിയില്‍ വന്നാല്‍ കാല് തല്ലിയൊടിക്കും എന്നൊക്കെയാണ് ഗോപാലകൃഷ്ണന്‍ മുന്‍പ് പറഞ്ഞത്. പക്ഷേ ഞാന്‍ സാഹിത്യ അക്കാദമിയിലൊക്കെ പോകാറുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ലെന്ന അവസ്ഥ ശരിയല്ലല്ലോ? നമ്മള്‍ പറയുന്ന കാര്യത്തോട് വിയോജിപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ വിയോജിപ്പ് രേഖപ്പെടുത്താം. അല്ലാതെ മറ്റ് രീതിയില്‍ ഭയപ്പെടുത്തി വിലക്കാം എന്ന് കരുതുന്നത് അത്ര നല്ല കാര്യമല്ല.

ഞാന്‍ പോസ്റ്റ് പിന്‍വലിച്ചത് എന്റെ ഭാഗത്ത് നിന്ന് വന്ന ചില ഭാഷാ പ്രയോഗം മോശമാണെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടതുകൊണ്ടാണ്. അല്ലാതെ ഒരു കലാപത്തിന് ശ്രമം നടത്താനോ വര്‍ഗീയത വളര്‍ത്താനോ ശ്രമിച്ചിട്ടല്ല. എന്റെ സിനിമയില്‍ പല ആളുകളും അഭിനയിച്ചിട്ടുണ്ട്. നമ്മള്‍ കക്ഷി രാഷ്ട്രീയം നോക്കിയിട്ട് ആളുകളെ വിളിക്കുന്ന ആളല്ല. ഇത് ഒരു പക്ഷേ മൊത്തം സിനിമകളും അതിന്റെ രാഷ്ട്രീയവും ഒക്കെ എടുത്ത് ഉള്ള ഒരു പ്ലാനിങ് ആയിരിക്കാം.


Dont Miss ആരുമറിയാത്ത സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇത്; പ്രിയനന്ദനെതിരായ ആക്രമണം നിഷേധിച്ച് ബി.ജെ.പി


എനിക്കെതിരെ പ്രതിഷേധത്തിന് വന്നവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച ഭാഷ വളരെ മോശമാണ്. ഞാന്‍ തമിഴില്‍ തെറി അല്ലാത്ത ഒരു വാക്കാണ് പോസ്റ്റില്‍ ഉപയോഗിച്ചത്. അല്ലാതെ വേറെ ഒന്നും അല്ല. എന്നാല്‍ അവര്‍ എന്നെ തെറി വിളിച്ചത് അങ്ങേയറ്റത്തെ തരംതാഴ്ന്ന ഭാഷയിലാണ് അന്നും ഞാന്‍ അതിനോട് പ്രതികരിക്കാന്‍ പോയിട്ടില്ല.

എന്നെ ആക്രമിച്ചവനെ കണ്ടാല്‍ അറിയാം. അയാള്‍ ബി.ജെ.പിക്കാരന്‍ തന്നെയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആള്‍ തന്നെയാണ്. തുടര്‍ച്ചയായി നമുക്ക് പൊലീസ് സംരക്ഷണത്തില്‍ നടക്കാന്‍ പറ്റുമോ. അത്തരത്തിലുള്ള കൊലക്കുറ്റമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ ആരേയും ആക്രമിക്കുകയോ മറ്റോ ചെയ്തിട്ടില്ലല്ലോ. ഇവിടുത്ത ദൈവങ്ങളെ അവഹേളിക്കുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഇത് ആസൂത്രിതം തന്നെയാണ്. ഇത് ഒരു സൂചന തന്നെയാണെന്നാണ് അയാള്‍ പറഞ്ഞത്. ഇനിയും തുടര്‍ച്ച ഉണ്ടാകുമെന്നാണ് പറയുന്നു. പൊലീസ് സംരക്ഷണയിലൊന്നും തുടര്‍ന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ല””- പ്രിയനന്ദനന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more