| Friday, 24th June 2022, 9:30 pm

മലയാളത്തിലേക്ക് പുതിയൊരു ബാലേട്ടന്‍; ഒറ്റദിവസത്തില്‍ ജീവിതം മാറിമറിയുന്ന പ്രിയന്റെ കഥ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, നൈല ഉഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രം ജൂണ്‍ 24നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ ജീവിതവും മറ്റുള്ളവരെ സഹായിക്കാനായി അദ്ദേഹം നടത്തുന്ന ഓട്ടപാച്ചിലുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

**************************spoliler alert*************************

പ്രധാനമായും ഒറ്റ ദിവസത്തെ കഥയിലേക്കാണ് ചിത്രം കേന്ദ്രീകരിക്കുന്നത്. ഫ്‌ളാറ്റ് അസോസിയേഷന്‍ സെക്രട്ടറിയും ഹോമിയോ ഡോക്ടറുമാണ് പ്രിയന്‍. നാട്ടുകാരുടെയും വീട്ടുകാരുടെയും എല്ലാം കാര്യങ്ങള്‍ക്ക് പ്രിയന്‍ വേണം. പ്രിയനാണെങ്കില്‍ തന്റെ കുടുംബകാര്യം മാറ്റിവെച്ചിട്ട് പോലും മറ്റുള്ളവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ ഓടിനടക്കുന്ന ആളാണ്. അതുകൊണ്ട് ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സ്വപ്‌നം പോലും നഷ്ടപ്പെട്ട് പോകുന്നുണ്ട്. എന്നാല്‍ അതിലൊന്നും പരിഭവിക്കാത്ത ഇത്രയും പേര്‍ക്ക് താങ്ങാവാനായല്ലോ എന്ന സന്തോഷത്തിലാണ് പ്രിയന്‍ ജീവിക്കുന്നത്. അതേ നിസ്വാര്‍ത്ഥത തന്നെയാണ് പ്രിയന് ഭാഗ്യം കൊണ്ടുതരുന്നതും.

ഇതിനു സമാനമായ ഒരു ചിത്രം മുമ്പ് വന്നിട്ടുള്ളത് മോഹന്‍ലാല്‍ നായകനായ ബാലേട്ടനാണ്. നാട്ടുകാരുടെ കാര്യങ്ങള്‍ക്കായി ഓടി നടന്ന ബാലേട്ടന്റെ ന്യൂജെന്‍ വേര്‍ഷനാണ് പ്രിയന്‍ എന്ന് വേണമെങ്കില്‍ പറയാം. ബാലേട്ടനെ പോലെ ഇടപെടുന്ന പ്രശ്‌നങ്ങള്‍ മൂലം പ്രിയന്റെ കുടുംബ ജീവിതവും താളം തെറ്റുന്നുണ്ട്.

പ്രിയദര്‍ശനായി ഷറഫുദ്ദീന്‍ ഗംഭീരപ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്. അപര്‍ണ ദാസുമായുള്ള കെമിസ്ട്രിയും നൈല ഉഷ കോമ്പോ സീനുമെല്ലാം നന്നായി തന്നെ ചിത്രത്തില്‍ വര്‍ക്ക് ഔട്ടായിട്ടുണ്ട്. ബിജു സോപാനം, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ഹരിശ്രീ അശോകന്‍, അശോകന്‍ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു. ചിത്രത്തിന്റെ അവസാനമുള്ള മമ്മൂട്ടിയുടെ കാമിയോ റോളും ചിത്രത്തിന്റെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.

Content Highlight: Priyan in priyan ottathilanu is in way the newgen version of the balletan  

We use cookies to give you the best possible experience. Learn more