തിരക്കഥ എന്ന ചിത്രം ആദ്യം ടെലിഫിലിമായാണ് പ്ലാന്‍ ചെയ്തതെന്ന് അനൂപ് മേനോന്‍. അന്ന് തന്നേയും ജ്യോതിര്‍മയിയെയുമാണ് നായികാനായകന്മാരായി തീരുമാനിച്ചതെന്നും പിന്നീടാണ് സിനിമയിലേക്ക് എത്തിയതെന്നും അനൂപ് പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രഞ്ജിയേട്ടന് (രഞ്ജിത്ത്) ഭയങ്കര ബ്രില്യന്റായ മൈന്‍ഡാണ്. തിരക്കഥ എന്ന ചിത്രത്തിന്റെ തിരക്കഥ ഭയങ്കര ഇന്ററസ്റ്റിങ്ങാണ്. അന്ന് രഞ്ജിയേട്ടന് കോഴിക്കോട് ഒരു വില്ലയുണ്ട്. അവിടെയിരുന്ന് രഞ്ജിയേട്ടന്‍ ഓരോ സീന്‍ പറയും. ഞാന്‍ എഴുതിയെടുക്കും. അങ്ങനെയാണ് തിരക്കഥ ഉണ്ടായത്. ഞാന്‍ എഴുത്ത് മാത്രമേയുള്ളൂ. ബാക്കിയെല്ലാം അദ്ദേഹത്തിന്റേതാണ്.
60 സീനുകളോളം അങ്ങനെ പറഞ്ഞുതന്ന് രണ്ട് ദിവസം കൊണ്ടാണ് എഴുതുന്നത്. ഇത് എഴുതുമ്പോഴൊന്നും ഞാനാണ് നായകനായി വരുന്നതെന്ന് അറിയില്ല. ആദ്യം അതൊരു ടെലിഫിലിമായാണ് പ്ലാന്‍ ചെയ്തത്. അന്ന് പ്രിയാമണിക്ക് പകരം ജ്യോതിര്‍മയിയെയാണ് പ്ലാന്‍ ചെയ്തത്,’ അനൂപ് പറഞ്ഞു.
തിരക്കഥ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നായകനായി മാധവനേയും അജിത്തിനേയും ആലോചിച്ചിരുന്നുവെന്നും അനൂപ് പറഞ്ഞു. ‘ടെലിഫിലിമായി പ്ലാന്‍ ചെയ്യുമ്പോള്‍ ഞാനായിരുന്നു നായകന്‍. പിന്നീട് സിനിമയാക്കാന്‍ തീരുമാനിക്കുമ്പോള്‍ നായകനായി എന്തായാലും എന്നെ വിളിക്കില്ലല്ലോ. അതുകൊണ്ട് ക്യാരക്ടര്‍ റോള്‍ എന്തെങ്കിലും ചെയ്യാം എന്ന് വിചാരിച്ച് ഇരിക്കുകയാണ് ഞാന്‍. അജിത്തിനെയോ മാധവനെയോ കൊണ്ടുവരാമെന്നും തമിഴ്-മലയാളം ബൈലിങ്ക്വലായി ചെയ്യാമെന്നുമൊക്കെയായിരുന്നു അന്ന് പ്ലാന്‍.
ഏതോ ഒരു ദിവസം ഷഹബാസ് അമനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോവുകയാണ്. ഞാനും എം. പദ്മകുമാറും രഞ്ജിയേട്ടനും വണ്ടിയിലുണ്ട്. ഞാനാണ് വണ്ടിയോടിക്കുന്നത്. മാധവന് ഡേറ്റിന്റെ പ്രശ്‌നമാണെന്നൊക്കെ പപ്പേട്ടന്‍ ഇരുന്ന് പറയുന്നുണ്ട്. ഈ സിനിമയുടെ നായകനാണ് ഇപ്പോള്‍ നമ്മുടെ വണ്ടിയോടിക്കുന്നത് എന്ന് രഞ്ജിയേട്ടന്‍ പറഞ്ഞു. എനിക്കത് ഭയങ്കര ഷോക്കായിരുന്നു. ഒരിക്കലും അങ്ങനെ കിട്ടുമെന്ന് കരുതിയതല്ല, പക്ഷേ കിട്ടി,’ അനൂപ് മേനോന്‍ പറഞ്ഞു.
ആ വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും അനൂപ് മേനോന് ലഭിച്ചിരുന്നു. സീരിയല്‍ ആക്ടറാണെന്ന് പറഞ്ഞ് പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുമ്പോള്‍ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു സംസ്ഥാന അവാര്‍ഡെന്നും തിരക്കഥയിലെ അജയ ചന്ദ്രന്‍ തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും അനൂപ് മേനോന്‍ പറഞ്ഞു.
Content Highlight: Priyamani was not the first option for Thirakkadha movie, says Anoop Menon