അഭിനേതാക്കളെ വഷളാക്കുന്ന സംവിധായകനാണ് അദ്ദേഹം: പ്രിയാമണി
Entertainment
അഭിനേതാക്കളെ വഷളാക്കുന്ന സംവിധായകനാണ് അദ്ദേഹം: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th November 2024, 1:14 pm

സംവിധായകന്‍ രാജമൗലിയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. രാജമൗലിയും അദ്ദേഹത്തിന്റെ കുടുംബവും അഭിനേതാക്കളെ സ്‌പോയില്‍ ചെയ്യുമെന്നും അത് നല്ല രീതിലുള്ളതാണെന്നും പ്രിയാമണി പറയുന്നു. തന്റെ തെലുങ്ക് ചിത്രമായ പിള്ളൈന കൊത്തലോ ഇറങ്ങി കഴിഞ്ഞപ്പോള്‍ അദ്ദേഹം കാണണമെന്ന് പറഞ്ഞെന്നും അടുത്ത സിനിമയിലേക്ക് കാസ്റ്റ് ചെയ്തെന്നും പ്രിയാമണി പറഞ്ഞു.

പുതിയ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ വിളിച്ച് നിര്‍ബന്ധമായും ഒരാഴ്ച ഓഫ് എടുക്കണമെന്ന് പറഞ്ഞെന്നും കാരണം താന്‍ വളരെ ക്ഷീണിതയായാണ് സ്‌ക്രീനില്‍ കാണുന്നതെന്ന് പറഞ്ഞെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ അഭിനേതാക്കളെ കെയര്‍ ചെയ്യുന്ന എത്ര സംവിധായകര്‍ ഇന്ന് ഉണ്ടെന്നും പ്രിയാമണി ചോദിക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘രാജമൗലി സാറും അദ്ദേഹത്തിന്റെ ഭാര്യ രമാ മാമും അവരുടെ മൊത്തം കുടുംബവും അഭിനേതാക്കളെ സ്‌പോയില്‍ ചെയ്യും. അത് നല്ല രീതിയില്‍ ആണെന്ന് മാത്രം. എനിക്കിപ്പോഴും ഓര്‍മയുണ്ട് ഞാന്‍ എന്റെ ഒരു തെലുങ്ക് ചിത്രം പിള്ളൈന കൊത്തലോ ഇറങ്ങി കഴിഞ്ഞപ്പോള്‍ രാജമൗലി സാര്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നെ അടുത്ത സിനിമക്ക് വേണ്ടി കാണണം എന്ന് പറഞ്ഞിരുന്നു.

സത്യത്തില്‍ എനിക്കപ്പോള്‍ അത്ഭുതമായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്‌തോ ഇല്ലയോ എന്നതിനെ കുറിച്ച് എനിക്കപ്പോള്‍ ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. രാജമൗലി സാറിനെ പോയി കണ്ടപ്പോള്‍ സെറ്റിലേക്ക് വരൂ നമുക്ക് നോക്കാം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ എന്നെ ആ സിനിമയിലേക്ക് സെലക്ട് ചെയ്തിട്ടുണ്ടായിരുന്നു.

സെറ്റിലെത്തി ആദ്യത്തെ ഒരു മൂന്ന് ദിവസം ഷൂട്ടെല്ലാം നടന്നു. അത് കഴിഞ്ഞ് അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു ഒരാഴ്ച ലീവ് എടുക്കെന്ന്. എനിക്കെന്താ നടക്കുന്നതെന്ന് മനസിലായില്ല. അപ്പോള്‍ രാജമൗലി സാര്‍ പറഞ്ഞു ‘നിന്റെ മുഖം കണ്ടാല്‍ അറിയാം നല്ല ക്ഷീണമുണ്ടെന്ന്. സ്‌ക്രീനില്‍ അത് കൃത്യമായി അറിയാം. എനിക്ക് എന്റെ അഭിനേതാക്കള്‍ ക്ഷീണിതരായി സ്‌ക്രീനില്‍ കാണുന്നത് എനിക്ക് ഇഷ്ടമല്ല’ എന്ന്. ഇപ്പോള്‍ എത്ര സംവിധായകര്‍ അങ്ങനെ പറയും? അങ്ങനെ നല്ലൊരു ക്വാളിറ്റി അദ്ദേഹത്തിനുണ്ട്,’ പ്രിയാമണി പറയുന്നു.

Content Highlight: Priyamani Talks About S.S Rajamouli