|

തിരക്കഥക്ക് മുമ്പ് അദ്ദേഹത്തില്‍ നിന്ന് അത്രയധികം ഉപദേശങ്ങള്‍ കിട്ടി; ഞാന്‍ അന്ധമായി വിശ്വസിച്ചു: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയാമണിയെ നായികയാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തിരക്കഥ. പ്രിയാമണിക്ക് പുറമെ അനൂപ് മേനോന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

അജയചന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാറും മാളവിക എന്ന നടിയും തമ്മിലുള്ള പ്രണയകഥയാണ് തിരക്കഥ പറഞ്ഞത്. കമല്‍ ഹാസനും, ശ്രീവിദ്യയും തമ്മിലുണ്ടായിരുന്ന പ്രണയത്തെ അടിസ്ഥാനമാക്കിയാണ് രഞ്ജിത്ത് തിരക്കഥ ചെയ്തതെന്ന് അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇപ്പോള്‍ പേര്‍ളിമാണി ഷോയില്‍ തിരക്കഥയെ കുറിച്ച് സംസാരിക്കുകയാണ് നടി പ്രിയാമണി. താന്‍ സംവിധായകനായ രഞ്ജിത്തിനെ അന്ധമായി വിശ്വസിച്ചാണ് ആ കഥാപാത്രം ചെയ്തതെന്നും അദ്ദേഹത്തിന്റെ ഒരുപാട് ഉപദേശങ്ങള്‍ കിട്ടിയിരുന്നെന്നും പ്രിയാമണി പറയുന്നു.

‘ഞാന്‍ സംവിധായകനായ രഞ്ജിത്ത് സാറിനെ അന്ധമായി വിശ്വസിച്ചാണ് ആ കഥാപാത്രം ചെയ്യുന്നത്. അതില്‍ മാളവികക്ക് കാന്‍സര്‍ വരുന്നതിന് മുമ്പുള്ള ഭാഗം ചിത്രീകരിക്കുന്ന സമയത്ത് വളരെ എളുപ്പമായിരുന്നു. സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു അവള്‍. എന്ത് തൊട്ടാലും പൊന്നാക്കുന്ന നടിയാണ് മാളവിക.

പക്ഷെ അവള്‍ക്ക് അസുഖം വരുന്നതോടെ അതിനൊക്കെ മാറ്റം സംഭവിക്കുകയായിരുന്നു. കാന്‍സര്‍ വന്നതിന് ശേഷമുള്ള മാളവികയുടെ ലുക്കും മറ്റും ചെയ്തത് വളരെ ബ്രില്ല്യന്റായിട്ടായിരുന്നു. ആ കഥാപാത്രമായതോടെ നമ്മുടെ ബോഡി ലാംഗ്വേജ് പോലും മാറി.

രഞ്ജിത്ത് സാര്‍ ആ അവസ്ഥ എങ്ങനെ ചെയ്യണമെന്ന് കൃത്യമായി തന്നെ പറഞ്ഞു തന്നിരുന്നു. നീ ചെയ്യാന്‍ പോകുന്ന ആ കഥാപാത്രത്തിന് ഒട്ടും വയ്യെന്നും അവള്‍ വലിയ ഒരു അസുഖത്തിന് അടിമപ്പെട്ടുവെന്നും സാര്‍ എന്നോട് പറഞ്ഞു.

അത്രയേറെ കീമോ തെറാപ്പി ചെയ്ത ആളായത് കൊണ്ടുതന്നെ അവള്‍ ഒരുപാട് വീക്കായിരുന്നു. അതുകൊണ്ട് നടക്കുമ്പോള്‍ പോലും അത്രയും വീക്കായിട്ട് വേണം നടക്കാന്‍ എന്നും സാര്‍ പറഞ്ഞു. മാളവിക കടന്നുപോയ എല്ലാ കാര്യങ്ങളും മൈന്‍ഡില്‍ വെച്ചിട്ട് വേണം അത് ചെയ്യാനെന്നും സാര്‍ പറഞ്ഞിരുന്നു.

മെന്റലി മാത്രമല്ലാതെ ഫിസിക്കലി പോലും എനിക്ക് ആ കഥാപാത്രമാകേണ്ടി വന്നു. രഞ്ജിത്ത് സാറിന്റെ അത്രയുമധികം ഉപദേശങ്ങള്‍ കിട്ടിയ ശേഷമാണ് ഞാന്‍ തിരക്കഥ എന്ന സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ ആളുകള്‍ ആ സിനിമയെ സ്വീകരിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി,’ പ്രിയാമണി പറയുന്നു.

Content Highlight: Priyamani Talks About Renjith And Thirakkatha Movie