എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് നടി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ ചെയ്യാന്‍ പ്രിയാമണിക്ക് സാധിച്ചു.
ഇതിനിടയില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ നടിക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ പ്രിയാമണി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.
ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത് മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷാഹി കബീര്‍ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്കുണ്ട്.
ഇപ്പോള്‍ ഷാഹി കബീറിന്റെ രചനയില്‍ മുമ്പ് എത്തിയ നായാട്ട് സിനിമയെ കുറിച്ചും മലയാള സിനിമ ഒ.ടി.ടിയില്‍ വന്നതിന് ശേഷമുള്ള മാറ്റത്തെ കുറിച്ചും പറയുകയാണ് പ്രിയാമണി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘നായാട്ട് എന്ന സിനിമ വന്നപ്പോള്‍ പുറത്ത് അധികം ആളുകള്‍ക്ക് ആ പടം അറിയില്ലായിരുന്നു. പക്ഷെ ഒ.ടി.ടിയില്‍ വന്നപ്പോള്‍ അതായിരുന്നില്ല അവസ്ഥ. നായാട്ട് ഒ.ടി.ടിയില്‍ വന്നതും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരുപാട് ആളുകള്‍ വിളിക്കാന്‍ തുടങ്ങി. ‘ഇങ്ങനെയൊരു പടമുണ്ടല്ലേ’ എന്നായിരുന്നു അവരൊക്കെ ചോദിച്ചത്.
അവരൊക്കെ അങ്ങനെ ആ സിനിമ കണ്ടു. മലയാളത്തിലെ മറ്റു സിനിമകളും ഒ.ടി.ടിയില്‍ കാണാന്‍ തുടങ്ങി. അവിടെ നോര്‍ത്തില്‍ മലയാള സിനിമകള്‍ തിയേറ്ററില്‍ റിലീസായാല്‍ പോലും അവര്‍ കാണാന്‍ പോകില്ല. ചിലപ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു സിനിമയുണ്ടെന്ന കാര്യം പോലും അറിയില്ലായിരിക്കും.
പക്ഷെ ഒ.ടി.ടി വന്നപ്പോള്‍ അതൊക്കെ മാറി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുബൈയില്‍ വെച്ച് എന്നോട് ചില് ഡയറക്ടേഴ്‌സ് സംസാരിച്ചിരുന്നു. എല്ലാവരും അപ്പോള്‍ മലയാളം പടത്തിനെ കുറിച്ചാണ് സംസാരിച്ചത്. മലയാള സിനിമയുടെ കഥ വളരെ നല്ലതാണ്, വളരെ പവര്‍ഫുള്ളാണ് എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞത്.
ആവേശമാണെങ്കിലും പ്രേമലുവാണെങ്കിലും നല്ല പടങ്ങളാണെന്നൊക്കെ പറഞ്ഞു. ഒ.ടി.ടിയൊക്കെ വന്നതിന് ശേഷമാണ് അവര്‍ മലയാള സിനിമയെ കൂടുതല്‍ ശ്രദ്ധിക്കുന്നതും കാണുന്നതും. നോര്‍ത്ത് ഇന്ത്യന്‍സ് നമ്മുടെ സിനിമകള്‍ അധികം തിയേറ്ററില്‍ കാണുന്നവരല്ല. കാരണം അവര്‍ക്ക് ഭാഷയറിയില്ല. എല്ലാ തിയേറ്ററിലും സബ് ടൈറ്റില്‍സ് ഉണ്ടാവില്ലല്ലോ. അത് തന്നെയാണ് ഒ.ടി.ടിയുടെ പ്ലസ് പോയിന്റ്,’ പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani Talks About Nayattu Movie