| Wednesday, 24th August 2022, 9:36 am

'മാലുവും എല്‍സമ്മയും ആകേണ്ടിയിരുന്നത് പ്രിയാമണി'; ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍മാര്‍ അറിയാതെ ലാല്‍ജോസിനെ വന്നുകണ്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയാമണിയുടെ ആദ്യസിനിമ ആകേണ്ടിയിരുന്നത് ചാന്ത്‌പൊട്ട് ആയിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ജോസ്. താന്‍ കണ്ടുവെച്ചിരുന്ന നടിയായിരുന്നുവെന്നും, എല്‍സമ്മ എന്ന ആണ്‍കുട്ടിയിലേക്കും പ്രിയാമണിയെ ഫൈനലൈസ് ചെയ്തതായിരുന്നു എന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു.

‘ചാന്ത്‌പൊട്ട് ഷൂട്ടിങ് ഒരു വര്‍ഷം മുമ്പ് തന്നെ തുടങ്ങേണ്ടതായിരുന്നു. ആ സമയത്ത് ഞാന്‍ കണ്ടെത്തിയ നായികയായിരുന്നു പ്രിയാമണി. മദ്രാസിലെ എന്റെ ഫ്‌ളാറ്റില്‍ പ്രിയാമണി വരുകയും ഞങ്ങള്‍ സംസാരിക്കുകയും ചെയ്തതാണ്. അവര്‍ പനിയായി ഹോസ്പ്റ്റലില്‍ അഡ്മിറ്റായിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും ഡോക്ടര്‍മാര്‍ അറിയാതെ ഇറങ്ങി വന്നിട്ടാണ് എന്നെ കണ്ടത്.

ഞാന്‍ കണ്ടുവെച്ച നടിയായിരുന്നു. പക്ഷേ പടം തുടങ്ങാന്‍ കുറച്ച് ഡിലേ ആയി. ആ സമയത്ത് സത്യം എന്ന പൃഥ്വിരാജിന്റെ സിനിമയിലേക്ക് അവര്‍ക്ക് ഓഫര്‍ കിട്ടി. ഞാന്‍ ഇവരെ സെലക്റ്റ് ചെയ്തു എന്ന് പറഞ്ഞ് അവരുടെ ഫോട്ടോ ഒക്കെ ചില മീഡിയയില്‍ വന്നിരുന്നു. പിന്നെ അവര്‍ സത്യത്തില്‍ അഭിനയിച്ചു. അങ്ങനെ എനിക്ക് കയ്യില്‍ നിന്നും മിസ് ആയി പോയി. അല്ലെങ്കില്‍ അവരുടെ ആദ്യത്തെ സിനിമ ചാന്ത്‌പൊട്ട് ആവേണ്ടതായിരുന്നു.

പിന്നെ അവരെ രണ്ടാമതൊന്ന് വിളിച്ചത് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലേക്കായിരുന്നു. ആന്‍ അഗസ്റ്റിന്റെ റോളിലേക്ക് അവരെ ആയിരുന്നു ഫൈനലൈസ് ചെയ്തിരുന്നത്. എന്നാല്‍ അവരുടെ ഡേറ്റും സാലറിയും അങ്ങനെ എന്തെക്കെയോ കാരണങ്ങളാല്‍ അത് മാറി പോയിട്ടാണ് പിന്നെ വേറെ ഒരാളിലേക്ക് പോകുന്നത്. അങ്ങനെയാണ് ആന്‍ അഗസ്റ്റിന്‍ വരുന്നത്. ചാന്ത്‌പൊട്ടില്‍ ഗോപിക വരുന്നതും എല്‍സമ്മയില്‍ ആന്‍ അഗസ്റ്റിന്‍ വരുന്നതും പ്രിയാമണി കാരണമാണ്,’ ലാല്‍ജോസ് പറഞ്ഞു.

സോളമന്റെ തേനീച്ചകളാണ് ഒടുവില്‍ പുറത്ത് വന്ന ലാല്‍ജോസിന്റെ ചിത്രം. ജോജു ജോര്‍ജ്, വിന്‍സി ആലോഷ്യസ്, ദര്‍ശന, ആഡിസ്, ശംഭു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഓഗസ്റ്റ് 18നാണ് റിലീസ് ചെയ്തത്.

Content Highlight: Priyamani should have been the heroin in chanthpottu and elasamma enna aankutty 

We use cookies to give you the best possible experience. Learn more