ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു.
മലയാളത്തിനും തമിഴിനും പുറമെ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ പ്രിയാമണി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചെന്നൈ എക്‌സ്പ്രസ്സിലെ പാട്ടിലൂടെയാണ് പ്രിയാമണി ബോളിവുഡില്‍ ശ്രദ്ധേയയായത്. പാട്ട് വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രിയാമണി.
രാജു സുന്ദരമായിരുന്നു ആ പാട്ടിന്റെ കൊറിയോഗ്രാഫറെന്ന് പ്രിയാമണി പറഞ്ഞു. രാജു സുന്ദരവുമായി ഒരുപാട് പാട്ടുകളില്‍ വര്‍ക്ക് ചെയ്തിരുന്നെന്നും ആ പരിചയത്തിലാണ് അദ്ദേഹം തന്നെ ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിച്ചതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. തന്നെ റിഹേഴ്‌സലൊന്നും വിളിക്കാറില്ലായിരുന്നെന്നും ഷാരൂഖ് ഖാന് മാത്രമായിരുന്നു കൂടുതല്‍ റിഹേഴ്‌സലെന്നും പ്രിയാമണി പറഞ്ഞു.
ഷോട്ടിന്റെ സമയത്ത് ഷാരൂഖ് തന്നെ മുന്നിലേക്ക് വിളിച്ചുവരുത്തിയെന്നും സ്‌റ്റെപ്പ് പറഞ്ഞുതരാന്‍ ആവശ്യപ്പെടുമായിരുന്നെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെയും തന്റെയും സ്റ്റെപ്പുകള്‍ വേറെയാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും പ്രിയാമണി പറഞ്ഞു. താനാണ് ഷാരൂഖിന്റെ ഡാന്‍സ് മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
തന്റെ അച്ഛനും അമ്മയും ഷാരൂഖ് ഖാന്റെ വലിയ ആരാധകരാണെന്ന് പ്രിയാമണി പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം അദ്ദേഹത്തിന്റെ ജബ് തക് ഹേ ജാന്‍ എന്ന സിനിമയുടെ അണ്‍കട്ട് ഡി.വി.ഡിയില്‍ ഒപ്പിട്ട് അച്ഛന് കൊടുക്കാന്‍ പറഞ്ഞ് ഷാരൂഖ് തന്നെ ഏല്‍പ്പിച്ചെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു പ്രിയാമണി.
‘ചെന്നൈ എക്‌സ്പ്രസിലെത്തിയത് രാജു സുന്ദരം സാര്‍ വഴിയാണ്. അദ്ദേഹമായിരുന്നു ആ പാട്ടിന്റെ കൊറിയോഗ്രാഫര്‍. അതിന് മുമ്പ് ഒരുപാട് തവണ രാജു സാറുമായി വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ആ പരിചയം വെച്ചാണ് ചെന്നൈ എക്‌സ്പ്രസിലേക്കെത്തിയത്. ആ പടത്തില്‍ അവര്‍ക്ക് വേണ്ടിയിരുന്നത് അല്പം സൗത്ത് ഫ്‌ളേവറുള്ള ഒരു പാട്ടായിരുന്നു. അതിനനുസരിച്ചുള്ള ഡാന്‍സും വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ഷോട്ടിന് മുമ്പ് റിഹേഴ്‌സലൊക്കെ ഉണ്ടായിരുന്നു. എന്നെക്കാള്‍ കൂടുതല്‍ റിഹേഴ്‌സലുണ്ടായിരുന്നത് ഷാരൂഖ് സാറിനായിരുന്നു.
ഷോട്ടിന്റെ സമയത്ത് എന്നോട് അടുത്ത് വന്ന നില്‍ക്കാന്‍ ഷാരൂഖ് സാര്‍ പറയും. എന്റെ സ്റ്റെപ്പ് നോക്കി അതുപോലെ ചെയ്യാനായിരുന്നു. ‘നീയാണ് എന്റെ ഡാന്‍സ് ടീച്ചര്‍. എന്റെ സ്‌റ്റെപ്പ് തെറ്റിയാല്‍ അതിന്റെ വഴക്ക് നിനക്കായിരിക്കും’ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരോടും റെസ്‌പെക്ടുള്ള ആളായിരു ഷാരൂഖ് സാര്‍. എന്റെ അച്ഛനും അമ്മയും അദ്ദേഹത്തിന്റെ ഫാന്‍സാണ് ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരത്ത് അദ്ദേഹത്തിന്റെ ജബ് തക് ഹേ ജാന്‍ എന്ന പടത്തിന്റെ അണ്‍കട്ട് ഡി.വി.ഡി ഒപ്പിട്ട് നല്‍കി,’ പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani shares the shooting experience with Shah Rukh Khan in Chennai Express movie