Entertainment
അത്തരമൊരു അവസ്ഥയിലും സ്‌ട്രെസ്ഡ് ആകാതെ ഇരിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ ലാലേട്ടനോട് ചോദിച്ചു: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 05:47 am
Monday, 24th February 2025, 11:17 am

ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രിയാമണി വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറിയത്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും പ്രിയാമണിയെ തേടിയെത്തിയിരുന്നു.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് മാസ്റ്ററില്‍ പ്രിയാമണിയായിരുന്നു നായിക. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രിയാമണി. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ മോഹന്‍ലാലിന്റെ അമ്മക്ക് വയ്യാതായെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നെന്നും പ്രിയാമണി പറഞ്ഞു.

എല്ലാ ദിവസവും ഷൂട്ട് കഴിഞ്ഞ് മോഹന്‍ലാല്‍ നേരെ ആശുപത്രിയിലേക്കായിരുന്നു പോയതെന്നും അടുത്ത ദിവസം കൃത്യമായി ഷൂട്ടിന് വരുമായിരുന്നെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു അവസ്ഥയിലും യാതൊരു ടെന്‍ഷനുമില്ലാതെയാണ് മോഹന്‍ലാല്‍ സെറ്റില്‍ പെരുമാറിയതെന്നും അത് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും പ്രിയാമണി പറയുന്നു. ഒട്ടും സ്‌ട്രെസ് തോന്നുന്നില്ലേ എന്ന് താന്‍ മോഹന്‍ലാലിനോട് ചോദിച്ചെന്നും അതിന് അദ്ദേഹം ചെറുതായി പുഞ്ചിരിച്ചെന്നും പ്രിയാമണി പറഞ്ഞു.

സെറ്റിലെത്തുമ്പോള്‍ താന്‍ വെറും നടനാണെന്നും എന്നാല്‍ ഷൂട്ട് അവസാനിച്ച് ആശുപത്രിയിലേക്ക് പോയാന്‍ താന്‍ ഒരു മകനാണെന്നും മോഹന്‍ലാല്‍ പറഞ്ഞെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലെത്തിയാല്‍ മറ്റ് കാര്യങ്ങളെക്കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്നും അതുപോലെയാണ് സെറ്റിലെത്തുമ്പോഴെന്നും മോഹന്‍ലാല്‍ പറഞ്ഞെന്നും പ്രിയാമണി പറയുന്നു. സമകാലികം മലയാളത്തോട് സംസാരിക്കുകയായിരുന്നു പ്രിയാമണി.

‘ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പടത്തിന്റെ ഷൂട്ടിന്റെ സമയത്ത് ലാല്‍ സാറിന്റെ അമ്മക്ക് വയ്യാതായി. അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ലാല്‍ സാര്‍ എല്ലാ ദിവസവും ഷൂട്ട് കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോകും. പിറ്റേദിവസം കൃത്യസമയത്ത് അദ്ദേഹം ഷൂട്ടിനെത്തുമായിരുന്നു. എല്ലാ ദിവസവും ഇങ്ങനെ തന്നെയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി. എങ്ങനെയാണ് അദ്ദേഹത്തിന് അതുപോലെ പെരുമാറാന്‍ കഴിയുന്നതെന്ന് ചിന്തിച്ചു. ഒരു ദിവസം ഞാന്‍ ലാല്‍ സാറിനോട് ഒട്ടും സ്‌ട്രെസ് തോന്നുന്നില്ലേ എന്ന് ചോദിച്ചു.

അതിനദ്ദേഹം ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു. ‘സെറ്റില്‍ ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് മാത്രമാണ്. അതിനനുസരിച്ച് നില്‍ക്കും. എന്നാല്‍ ആശുപത്രിയിലെത്തിയാല്‍ ഞാന്‍ ഒരു മകനാണ്. അവിടെ എന്നെ ഡിസ്ട്രാക്ട് ചെയ്യുന്ന കാര്യങ്ങള്‍ കേള്‍ക്കില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറുമില്ല. അതുപോലെ സെറ്റിലെത്തുമ്പോള്‍ ബാക്കി കാര്യങ്ങളെക്കുറിച്ചും ചിന്തിക്കില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതൊരു വലിയ പാഠമായിരുന്നു,’ പ്രിയാമണി പറഞ്ഞു.

Content Highlight: Priyamani says she learned a big lesson from Mohanlal during Grand Master movie