ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പ്രിയാമണി അഭിഭാഷകയായി എത്തിയ ചിത്രമാണ് നേര്. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് വേണ്ടി യഥാർത്ഥ കോടതിയിൽ പോയിരുന്നെന്ന് പറയുകയാണ് പ്രിയാമണി.
താൻ സെഷൻസ് കോടതിയിലാണ് പോയതെന്നും അവിടെ നിന്നും ഒരുപാട് അഭിഭാഷകർ കേസുകൾ വാദിക്കുന്നത് കണ്ടെന്നും പ്രിയാമണി പറയുന്നുണ്ട്. സെഷൻസ് കോടതിയിൽ ഒരു ദിവസം നൂറോ ഇരുന്നൂറോ കേസുകൾ വരുമെന്നും അത് അഞ്ചോ പത്തോ മിനിട്ടിനുള്ളിൽ തീർക്കുമെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയാമണി.
‘യഥാർത്ഥ കോടതിയിൽ എന്താണ് നടക്കുന്നതെന്ന് അവിടെ പോയി കണ്ടിരുന്നു. എങ്ങനെയാണ് അഭിഭാഷകർ സംസാരിക്കുന്നത്, എങ്ങനെയാണ് ഒരു കേസ് കൈകാര്യം ചെയ്യുന്നത് എന്നെല്ലാം അവിടുന്ന് കാണാൻ കഴിഞ്ഞു. ഞാൻ പോയതെല്ലാം സെഷൻസ് കോടതിയിൽ ആയിരുന്നു. ഇത് ജില്ലാ കോടതിയിലെ പ്രശ്നങ്ങൾ ആയിരുന്നു.
സെഷൻസ് കോടതിയിലെ ഒരു കേസ് കൈകാര്യം ചെയ്യുന്നത് വെറും പത്ത് മിനിട്ടിനുള്ളിൽ ആയിരുന്നു. അഞ്ചു പത്തു മിനിട്ടിനുള്ളിൽ അവരെല്ലാം തീർക്കുമായിരുന്നു. ഓരോ ദിവസവും ഇങ്ങനത്തെ സെഷൻസ് കോടതിയിൽ നൂറുകണക്കിന് കേസുകൾ ആണ് വരുന്നത്. സിനിമയിൽ ഞങ്ങൾ ഡിസ്ട്രിക്ട് കോർട്ട് ആണ് കാണിച്ചിട്ടുള്ളത്.
നൂറോ ഇരുന്നൂറോ കേസുകൾ ഉണ്ടാവും. അതുകൊണ്ട് അവർക്ക് പെട്ടെന്ന് തീർക്കേണ്ടതുണ്ടായിരുന്നു. ജഡ്ജ് വരുന്നതിനു മുൻപ് വളരെ കാഷ്വൽ ആയിട്ട് കാര്യങ്ങളൊക്കെ സംസാരിച്ചു കൊണ്ടിരിക്കും. ഇന്ന് എന്താണ് കഴിച്ചത്, ഡ്രസ്സ് വളരെ നന്നായിട്ടുണ്ട് എന്നൊക്കെയുള്ള വളരെ കാഷ്വൽ ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞ് നിൽക്കുമെങ്കിലും ജഡ്ജ് വന്നു കഴിഞ്ഞാൽ അവർ ഭയങ്കര അഗ്രസീവ് ആയിരിക്കും.കാരണം അവരവരുടെ പോയിന്റ് അവർക്ക് കൃത്യമായി പറഞ്ഞു ഫലിപ്പിക്കണം. അവർ പ്രൂവ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്,’ പ്രിയാമണി പറഞ്ഞു.
അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന് പുറമെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്തത് അനശ്വര രാജനാണ്. സാറ എന്ന അന്ധയായ പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് അനശ്വര രാജൻ അവതരിപ്പിച്ചത്.
Content Highlight: Priyamani said that she gone to see the execution of the case in the Sessions Court