എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് പ്രിയാമണി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ ചെയ്യാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.
ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മോഹന്‍ലാലിന്റെ അര്‍പ്പണബോധത്തില്‍ തനിക്ക് മതിപ്പുണ്ടായെന്ന് പ്രിയാമണി പറയുന്നു.
മോഹന്‍ലാലിന്റെ അമ്മ ഗുരുതരാവസ്ഥയിലായി ആശുപത്രിയിലായിരുന്നുവെന്നും എന്നിട്ടും അവധിയെടുക്കാതെ കൃത്യ സമയത്ത് തന്നെ അദ്ദേഹം ഷൂട്ടിന് വരുമായിരുന്നുവെന്നും പ്രിയാമണി പറയുന്നു. ഫിലിംഫെയറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ലാല്‍ സാറിന്റെ അമ്മ വളരെ ഗുരുതരാവസ്ഥയിലായി ആശുപത്രിയിലായിരുന്നു. രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയോ അല്ലെങ്കില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയോ ഷൂട്ടിങ് നടത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ സെറ്റില്‍ കണ്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ ഉടനെ അദ്ദേഹം നേരെ സെറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് പോകും.
അമ്മയോടൊപ്പം ആശുപത്രിയില്‍ സമയം ചെലവഴിക്കുകയും പിറ്റേന്നത്തെ ഷൂട്ടിങ്ങിനായി ഹോസ്പിറ്റലില്‍ നിന്ന് സെറ്റിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു. സെറ്റില്‍ അദ്ദേഹം ആ പ്രൊഫഷണലിസം കാണിച്ചിരുന്നു.
ഇതിനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ലാല്‍ സാര്‍ പറഞ്ഞത്, ‘സെറ്റിലായിരിക്കുമ്പോള്‍, ഞാന്‍ ഒരു നടനാണ്. ഞാന്‍ സെറ്റിന് പുറത്തായിരിക്കുമ്പോള്‍ ഒരു മകനാണ്. എന്റെ പേഴ്‌സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും ഞാന്‍ കൂട്ടിക്കലര്‍ത്താറില്ല.
ഒരു മകനെന്ന നിലയില്‍ എന്റെ കടമ നിര്‍വഹിക്കുമ്പോള്‍ എന്റെ പ്രൊഫഷണല്‍ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താറില്ല.
അതുപോലെതന്നെയാണ് പ്രൊഫഷണല്‍ ജീവിതത്തിലും. സംവിധായകന് ഭാരമാകാനോ മുഴുവന്‍ ടീമും ഷൂട്ട് റദ്ദാക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ അനാവശ്യമായി എന്നെ കാത്തിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ എന്നായിരുന്നു. അത് ഞാന്‍ പഠിച്ച വളരെ വിലപ്പെട്ട ഒരു പാഠമായിരുന്നു,’ പ്രിയാമണി പറയുന്നു.
Content highlight: Priyamani reveals one valuable lesson she learned from her Mohanlal in Grandmaster movie set