| Friday, 29th December 2023, 8:39 am

നേര് മോഹൻലാൽ സാറിന്റെ തിരിച്ചുവരവായി എനിക്ക് തോന്നിയിട്ടില്ല; ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. തെന്നിന്ത്യയിൽ സജീവമായ താരം മലയാളത്തിലും തന്റേതായൊരിടം സൃഷ്ടിച്ചിട്ടുണ്ട്. തിരക്കഥ, പ്രാഞ്ചിയേട്ടൻ, ഗ്രാൻഡ് മാസ്റ്റർ തുടങ്ങി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളുടെ ഭാഗമാണ് താരം. ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലിന്റെ കൂടെ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ് പ്രിയാമണി. പത്ത് വർഷങ്ങൾക്ക് ശേഷം നേരിലാണ് മോഹൻലാലിന്റെ കൂടെ താരം അഭിനയിച്ചത്.

നേര് മോഹൻലാൽ എന്ന നടന്റെ തിരിച്ചു വരവാണെന്ന പ്രേക്ഷകരുടെ അഭിപ്രായത്തോട് താൻ യോജിക്കുന്നില്ലെന്ന് പ്രിയാമണി പറഞ്ഞു. പ്രേക്ഷർക്ക് മോഹൻലാൽ എന്ന നടന്റെ ഇതിന് മുൻപുള്ള പടങ്ങൾ മനസിലേക്ക് എത്തിയിട്ടുണ്ടാവില്ലെന്നും അതുകൊണ്ടാവും അങ്ങനെ പറയുന്നതെന്നും പ്രിയാമണി പറയുന്നുണ്ട്. താൻ ഒരു മോഹൻലാൽ ഫാൻ ആയതുകൊണ്ട് അങ്ങനെ തോന്നിയിട്ടില്ലെന്ന് പ്രിയാമണി കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്കങ്ങനെ തോന്നിയിട്ടില്ല. പ്രേക്ഷകരുടെ കണ്ണിലൂടെ കാണുമ്പോൾ ഇതിനു മുൻപേയുള്ള മോഹൻലാൽ സാറിന്റെ പടങ്ങൾ അവരുടെ മനസ്സിലേക്ക് എത്തിയിട്ടുണ്ടാവില്ല. നേരിൽ അദ്ദേഹം വീണ്ടും വന്നതായി തോന്നിയിട്ടുണ്ടാകാം. ഒരുപാട് ആളുകൾ മെസ്സേജ് അയച്ചിട്ട് നിങ്ങളുടെ ഡയലോഗ് അടിപൊളിയായിരുന്നു, അദ്ദേഹത്തിന്റെ തിരിച്ചു വരവാണ് എന്നൊക്കെ പറഞ്ഞു.

ഇതെല്ലം കേൾക്കുമ്പോൾ വളരെയധികം സന്തോഷമുണ്ട്. ഞാൻ വ്യക്തിപരമായിട്ട് മോഹൻലാലിന്റെ വലിയൊരു ഫാനാണ്. അദ്ദേഹത്തിന്റെ ഒരുപാട് പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഓഫ്‌ലൈറ്റ് ഞാൻ കണ്ടിട്ടില്ല. ഓഡിയൻസ് എന്താണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലാവും. എനിക്ക് വളരെ സന്തോഷമുണ്ട്,’ പ്രിയാമണി പറഞ്ഞു.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന് പുറമെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്തത് അനശ്വര രാജനാണ്. സാറ എന്ന അന്ധയായ പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് അനശ്വര രാജൻ അവതരിപ്പിച്ചത്.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ നേരിൽ പ്രിയാമണിയും അഭിഭാഷകയായി എത്തിയിട്ടുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും കൂടെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇവർക്ക് പുറമെ ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Priyamani on the statement that Neru movie is Mohanlal’s comeback

We use cookies to give you the best possible experience. Learn more