എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് നടി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണിക്ക് പിന്നീട് മലയാളത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ ചെയ്യാന്‍ സാധിച്ചു.
മലയാളത്തിലെ ആദ്യചിത്രമായ സത്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രിയാമണി. തമിഴിലും തെലുങ്കിലും മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സംവിധായകന്‍ വിനയന്‍ തന്നെ വിളിച്ചതെന്ന് പ്രിയാമണി പറഞ്ഞു. വിനയന്റെ സിനിമയാണെന്ന് കേട്ടപ്പോള്‍ തന്നെ താന്‍ വേറൊന്നും നോക്കാതെ ഓക്കെ പറഞ്ഞെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും അവിടെ എത്തിയതിന് ശേഷമാണ് സിനിമയുടെ കഥയും തന്റെ കഥാപാത്രവും എന്താണെന്ന് വിനയന്‍ വിശദീകരിച്ചു തന്നതെന്നും പ്രിയാമണി പറഞ്ഞു. ഒരു പക്കാ കൊമേഴ്‌സ്യല്‍ സിനിമയുടെ എല്ലാ ഫ്‌ളേവറുമുള്ള കഥയായിരുന്നു സത്യത്തിന്റേതെന്നും വളരെ വേഗത്തില്‍ സിനിമ പൂര്‍ത്തിയായെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ സിനിമ തിയേറ്ററില്‍ റിലീസായ സമയത്ത് താന്‍ കേരളത്തില്‍ ഇല്ലായിരുന്നെന്നും എന്താണ് സിനിമയുടെ റിസള്‍ട്ട് എന്ന് താന്‍ കണ്ടില്ലെന്നും പ്രിയാമണി പറയുന്നു. തിയേറ്ററില്‍ സിനിമ ഹിറ്റായെന്നും താനും പൃഥ്വിരാജും തമ്മിലുള്ള വിസിലേ വിസിലേ എന്ന പാട്ടിന് നല്ല സ്വീകാര്യത കിട്ടിയെന്ന് പൃഥ്വിരാജ് തന്നെ വിളിച്ച് പറഞ്ഞിരുന്നെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു പ്രിയാമണി.
‘തമിഴിലും തെലുങ്കിലും മാത്രമേ ആദ്യത്തെ കുറച്ചുകാലം സിനിമ ചെയ്തിരുന്നുള്ളൂ. അങ്ങനെയിരിക്കുമ്പോഴാണ് വിനയന്‍ സാര്‍ വിളിച്ചിട്ട് ‘ഒരു മലയാളപ്പടം ഉണ്ട്, ചെയ്യാമോ’ എന്ന് ചോദിച്ചത്. വിനയന്‍ സാറിന്റെ പടമാണെന്ന് കേട്ടപ്പോള്‍ തന്നെ വേറൊന്നും നോക്കാതെ ഓക്കെ പറഞ്ഞു. കഥയൊന്നും ആ സമയത്ത് ചോദിച്ചില്ല. കൊച്ചിയിലായിരുന്നു പടത്തിന്റെ ഷൂട്ട്. ഇവിടെ എത്തിയതിന് ശേഷമാണ് കഥ എന്താണെന്നും എന്റെ ക്യാരക്ടര്‍ എന്താണെന്നും വിനയന്‍ സാര്‍ പറഞ്ഞുതന്നത്.
ഒരു പക്കാ കൊമേഴ്‌സ്യല്‍ പടത്തിന്റെ എല്ലാ ഫ്‌ളേവറും ആ കഥയ്ക്കുണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഷൂട്ട് തീര്‍ക്കാന്‍ പറ്റി. റിലീസിന്റെ സമയത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. പൃഥ്വിയാണ് എന്നെ വിളിച്ചിട്ട് പടത്തിന്റെ റിസള്‍ട്ട് പറഞ്ഞുതന്നത്. പാട്ടുകളെല്ലാം തിയേറ്ററില്‍ നല്ല ചലനമുണ്ടാക്കിയെന്ന് രാജു പറഞ്ഞു. വിസിലേ വിസിലേ എന്ന പാട്ടിനൊക്കെ നല്ല റെസ്‌പോണ്‍സായിരുന്നെന്ന് പൃഥ്വി പറഞ്ഞുതന്നു. അതൊക്കെയാണ് ആദ്യത്തെ മലയാളസിനിമയുടെ ഓര്‍മകള്‍,’ പ്രിയാമണി പറഞ്ഞു.
Content Highlight: Priyamani explains why she said ok to Sathyam Movie