മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ ഏതു രീതിയിൽ വന്നാലും തനിക്ക് ഇഷ്ടമാണെന്ന് നടി പ്രിയാമണി. മോഹൻലാൽ ഒരു കംപ്ലീറ്റ് ആക്ടർ ആണെന്നും ഇപ്പോൾ അദ്ദേഹം പാൻ ഇന്ത്യൻ ചിത്രങ്ങൾ ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും പ്രിയാമണി പറഞ്ഞു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മോഹൻലാൽ സാർ സ്ക്രീനിൽ വന്നുകഴിഞ്ഞാൽ തന്നെ എനിക്കിഷ്ടമാണ്. അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടർ ആണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അത് ഏത് റോളാണെങ്കിലും ഏത് ഭാഷ ആണെങ്കിലും. മലയാളം മാത്രമല്ല ഇപ്പോൾ പാൻ ഇന്ത്യൻ മൂവീസ് ഒക്കെ ചെയ്യുന്നുണ്ട്. ഇന്ത്യ ഒട്ടാകെ എല്ലാവർക്കും അറിയാം അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടർ ആണെന്ന്.
മോഹൻലാൽ പാൻ ഇന്ത്യൻ പ്രോജക്ട് ചെയ്യുന്നുണ്ട്, അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇൻഡസ്ട്രിയുടെ ആളുകൾ മാത്രമല്ല മലയാളികൾ അല്ലാതെ മോഹൻലാൽ സാറിനെ കണ്ടിട്ട് അവർക്കും ഇഷ്ടമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ഫാൻ ഫോളോ ഇതിനേക്കാൾ കൂടും,’ പ്രിയാമണി പറഞ്ഞു.
മോഹൻലാൽ അഭിനയിച്ച മണിച്ചിത്രത്താഴ് തനിക്ക് വളരെ ഇഷ്ടമാണെന്നും അതിലെ അദ്ദേഹത്തിന്റെ കഥാപാത്രം വലുതൊന്നുമല്ലെന്നും പ്രിയാമണി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മോഹൻലാൽ സാർ ചെയ്ത മണിച്ചിത്രത്താഴ് ഭയങ്കര ഇഷ്ടമാണ്. അതാണ് അങ്ങനെയുള്ള നടന്മാരുടെ കഴിവ്. ഏത് കഥാപാത്രം കൊടുത്താലും അത് ഗംഭീരമായിട്ട് ചെയ്യും.
അത് ചെറുതാണെങ്കിലും വലിയ റോൾ ആണെങ്കിലും. മണിച്ചിത്രത്താഴ് സിനിമയിലെ അദ്ദേഹത്തിന്റെ ഇൻട്രോ ഇന്റെർവെലിന് തൊട്ടു മുന്നേ ആയിരുന്നു. പടം മുഴുവനായി കാണുമ്പോൾ നമുക്ക് ഒരിക്കലും മോഹൻലാൽ സാറിന്റെ കഥാപാത്രം വലിയതൊന്നുമല്ല എന്ന് മനസിലാവും. പക്ഷേ എന്നാലും അദ്ദേഹത്തിന്റേതായ അടയാളപ്പെടുത്തൽ അവിടെ ഇട്ടിട്ടുണ്ട്,’ പ്രിയാമണി പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരാണ് പ്രിയാമണിയുടെ മലയാളത്തിലെ പുറത്തിറങ്ങിയ പുതിയ ചിത്രം. പത്ത് വർഷത്തിന് ശേഷം മോഹൻലാലുമായി പ്രിയാമണി ഒന്നിച്ച് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Content Highlight: Priyamani about mohanlal’s character in manichithrathazh movie