ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് പ്രിയാമണി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി മലയാളത്തിലും പ്രിയാമണി എന്ന നടി തന്റേതായൊരിടം സൃഷ്ടിച്ചിട്ടുണ്ട്. മലയാളത്തിലെ രണ്ട് താര രാജാക്കന്മാരുടെ കൂടെ അഭിനയിക്കാൻ പ്രിയാമണിക്കായി. മോഹൻലാലിന്റെ കൂടെ ഗ്രാൻഡ് മാസ്റ്ററിലും മമ്മൂട്ടിയുടെ കൂടെ പ്രാഞ്ചിയേട്ടനിലും പ്രിയാമണി അഭിനയിച്ചിട്ടുണ്ട്.
പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടിയുമൊത്തുള്ള സീനിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. സിനിമയിലെ തൃശൂർ ഭാഷ പറയാൻ വേണ്ടി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പ്രിയാമണി പറയുന്നുണ്ട്. തന്നെ ചവിട്ടുന്ന സീനൊക്കെ വളരെ ശ്രദ്ധയോടെ തന്നോട് അനുവാദം ചോദിച്ചിട്ടാണ് ചെയ്തതെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു താരം.
‘പ്രാഞ്ചിയേട്ടൻ സിനിമയിൽ തൃശ്ശൂർ സ്ലാങ്ങ് പറയാൻ എനിക്ക് മമ്മൂട്ടി സാർ ഒരുപാട് ഹെല്പ് ചെയ്തു. ഇങ്ങനെ പറയണം ഇങ്ങനെ പറഞ്ഞാൽ നന്നായിരിക്കും എന്ന് പറഞ്ഞിട്ട് ഒരുപാട് ഹെൽപ്പ് ചെയ്തു. ആ ചവിട്ടുന്ന സീനൊക്കെ എന്നോട് ഒരുപാട് പ്രാവശ്യം അനുവാദം ചോദിച്ചതാണ് ചെയ്തത്.
‘ഞാൻ പതിയെ തള്ളുകയുള്ളൂ, മുഴുവനായിട്ട് ചവിട്ടില്ല’ എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു കുഴപ്പമില്ല ചെയ്തോളൂ എന്ന്. .ഏയ്, ഞാൻ അങ്ങനെ ചെയ്യാറില്ല. ഞാൻ ജസ്റ്റ് തള്ളുക മാത്രമേ ചെയ്യുള്ളൂ’ എന്നൊക്കെ പറഞ്ഞു എന്നെ മമ്മൂട്ടി സാർ ഹെൽപ്പ് ചെയ്തിട്ടുണ്ട്,’ പ്രിയാമണി പറഞ്ഞു.
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ നേരാണ് പ്രിയാമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ അഭിഭാഷകയായാണ് പ്രിയാമണി എത്തിയത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്.
ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ജീത്തു ജോസഫും ശാന്തി മായാദേവിയും കൂടെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇവർക്ക് പുറമെ ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: Priyamani about Mammootty and his help