തിരക്കഥ എന്ന ചിത്രത്തിലെ മാളവിക എന്ന കഥാപാത്രത്തെ സംസാരിക്കുക
യാണ് നടി പ്രിയാമണി. 2008ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് തിരക്കഥ. മാളവിക എന്ന ചുറുചുറുക്കുള്ള കഥാപാത്രത്തിൽ നിന്ന് കാൻസർ ബാധിച്ച ലുക്കിലേക്ക് മാറിയപ്പോൾ സെറ്റിലുള്ളവർ എല്ലാവരും നിശ്ശബ്ദരായെന്ന് പ്രിയാമണി പറഞ്ഞു. രഞ്ജിത്ത് അമ്പാടി കരഞ്ഞുകൊണ്ടാണ് തന്നെ മേക്കപ്പ് ചെയ്തതെന്നും താരം പറഞ്ഞു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മാളവിക എന്ന ആ ചുറുചുറുക്കുള്ള കഥാപാത്രത്തിൽ നിന്നും പെട്ടെന്ന് ഈ ലുക്കിലൊക്കെ കാണുമ്പോൾ യൂണിറ്റിലുള്ള മുഴുവൻ പേരും സൈലന്റ് ആയതായി എനിക്ക് ഫീൽ ചെയ്തു. സെറ്റിലേക്ക് ഞാൻ ലുക്കിൽ കയറുമ്പോൾ എല്ലാവരും സൈലൻ്റ് ആയിരുന്നു.
ആ ലുക്ക് ചെയ്യുന്ന സമയത്ത് ഞങ്ങൾ വയനാട്ടിൽ ആയിരുന്നു. ഉച്ചവരെ ‘പാലപ്പൂ ഇതളിൽ’ സോങ്ങ് ഷൂട്ട് ചെയ്തു. ആ സമയം മാളവിക എന്ന ക്യാരക്ടറിന്റെ ഗെറ്റപ്പും ഹാപ്പിനസും ഫീലും എല്ലാം ഉണ്ടായിരുന്നു. പെട്ടെന്ന് ഉച്ചക്ക് ശേഷം മറ്റേ ഗെറ്റപ്പ് ആണെന്ന് രഞ്ജിത്ത് സാർ പറഞ്ഞു.
ആ ഗെറ്റപ്പ് ചെയ്യാൻ വേണ്ടിയിട്ട് തന്നെ മൂന്നുമണിക്കൂർ എടുത്തു. മേക്കപ്പ് ചെയ്യുമ്പോൾ പാവം രഞ്ജിത്ത് അമ്പാടി കരയുകയായിരുന്നു. പുള്ളിക്കാരൻ കരഞ്ഞാണ് മേക്കപ്പ് ചെയ്തത്. എനിക്ക് തോന്നുന്നു ക്യാരക്ടറുമായിട്ട് അവന് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നെന്ന്. ഞാൻ ആ ലുക്കിൽ സെറ്റിൽ കയറുമ്പോൾ ചിരിച്ച് കളിച്ച് നടന്ന യൂണിറ്റ് മുഴുവൻ സൈലൻ്റ് ആയി. സെറ്റിൽ പിൻ ഡ്രോപ്പ് സൈലൻ്റ് ആയിരുന്നു . ആ ലുക്ക് കണ്ടിട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു എന്ന് അമ്മയാണ് എന്നോട് പറഞ്ഞത്,’ പ്രിയാമണി പറഞ്ഞു.
പൃഥ്വിരാജാണ് തൻ്റെ നമ്പർ ഡയറക്ടർ രഞ്ജിത്തിന് കൊടുത്തതെന്നും അങ്ങനെയാണ് താൻ തിരക്കഥ സിനിമയിലേക്ക് എത്തിയതെന്നും പ്രിയാമണി പറഞ്ഞു. പടത്തിന്റെ കഥ കേട്ടപ്പോൾ ഇത് തനിക്ക് ചെയ്യാൻ കഴിയുന്ന റോൾ അല്ലെന്ന് രഞ്ജിത്തിനോട് പറഞ്ഞിരുന്നെന്നും എന്നാൽ അദ്ദേഹത്തിന് തന്നിലുള്ള വിശ്വാസത്തിൻറെ പുറത്താണ് ആ പടം ചെയ്‌തതെന്നും പ്രിയാമണി കൂട്ടിച്ചേർത്തു
Content Highlight: Priyamani about Malvika’s character in the movie